സിംഗപ്പൂരിലെ വിവിധ ക്രൈസ്തവ ദൈവാലയങ്ങളില്‍ ഓശാനപ്പെരുന്നാള്‍ ആചരിച്ചു

0
PE_Template_800x800_4

സിംഗപ്പൂര്‍ :വിശുദ്ധവാരത്തിന് തുടക്കംകുറിച്ച് സിംഗപ്പൂരിലെ മലയാളീ ക്രൈസ്തവ വിശ്വാസികളും ഇന്നലെ ഓശാന ഞായർ ആചരിച്ചു. സിംഗപ്പൂരിലെ സീറോമലബാര്‍ കത്തോലിക്കാസഭ, സുറിയാനി യാക്കോബായ സഭ ,മാര്‍ത്തോമാ സഭ ,ഓര്‍ത്തോഡോക്സ് സഭ ,സി എസ് ഐ സഭ എന്നീ ദേവാലയങ്ങളില്‍ നടന്ന ശുശ്രൂഷകളില്‍ നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു.കുരുത്തോലകളും പൂക്കളും ഉള്‍പ്പെടെ നാട്ടിലെ തനതായ ക്രിസ്ത്യന്‍ പാരമ്പര്യം കാത്തുസൂക്ഷിക്കുന്ന രീതിയിലുള്ള ശുശ്രൂഷകളാണ് സിംഗപ്പൂരിലെ ദൈവാലയങ്ങളിലും നടന്നത്.

വുഡ് ലാണ്ട്സിനെ സെന്‍റ്.ആന്റണീസ് പള്ളിയില്‍ നടന്ന സീറോമലബാര്‍ സഭയുടെ ശുശ്രൂഷകള്‍ക്ക് ഫാ.സലിം ജോസഫ് നേതൃത്വം നല്‍കി.ശനിയാഴ്ച വൈകുന്നേരം നടന്ന പ്രാര്‍ത്ഥനകളില്‍ നിരവധി വിശ്വാസികള്‍ പങ്കെടുത്തു.

സെന്‍റ്.മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലില്‍ ഞായറാഴ്ച രാവിലെ 7.30 മുതല്‍ ഓശാന ശുശ്രൂഷകള്‍ ആരംഭിച്ചു.ഇടവകവികാരി ഫാ.സനു മാത്യൂവിന്‍റെ കാര്‍മ്മികത്വത്തില്‍ ഓശാന പ്രത്യേക ശുശ്രൂഷയും,വി.കുര്‍ബാനയും നടത്തപ്പെട്ടു.സിംഗപ്പൂരിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിശ്വാസികള്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിച്ചു.

സെന്‍റ്.തോമസ്‌ ഓര്‍ത്തോഡോക്സ് കത്തീഡ്രലില്‍ ഓശാന പെരുന്നാള്‍ ഞായറാഴ്ച രാവിലെ മുതല്‍ ആരംഭിച്ചു.ഫാ.അലക്സാണ്ടര്‍ കുര്യന്‍ ,ഫാ.എബി മാത്യൂ എന്നിവരുടെ കാര്‍മ്മികത്വത്തില്‍ പ്രദക്ഷിണവും മറ്റു പ്രാര്‍ത്ഥനകളും നടന്നു.

മാര്‍ത്തോമ സുറിയാനി പള്ളിയില്‍ നടന്ന പ്രത്യേക ഓശാന ശുശ്രൂഷയില്‍ നിരവധി വിശ്വാസികള്‍ പങ്കെടുത്തു.ഫാ.ജോണ്‍ ജി മാത്യൂസ് ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി.പ്രത്യേകമായ പ്രദക്ഷിണവും തുടര്‍ന്ന് വി.കുര്‍ബാനയും നടന്നു .

സി എസ് ഐ സഭയുടെ ഓശാനപ്പെരുന്നാളില്‍ നിരവധി വിശ്വാസികള്‍ പങ്കെടുത്തു.പ്രിന്‍സ് ചാള്‍സ് ക്രെസന്റിലെ മൈ സേവിയെര്സ് പള്ളിയില്‍ പ്രത്യേക പ്രാര്‍ഥനയും പ്രദക്ഷിണവും നടത്തപ്പെട്ടു.

കൂടാതെ നിരവധി പ്രൊട്ടസ്റ്റന്റ്റ് സഭകളുടെ നേതൃത്വത്തിലും സിംഗപ്പൂരിന്റെ വിവിധ ഭാഗങ്ങളിലായി പ്രത്യേക പ്രാര്‍ഥനകള്‍ നടന്നു .വരും ദിവസങ്ങളിലെ പെസഹാ ,ദുഖവെള്ളി ,ഈസ്റ്റര്‍ ശുശ്രൂഷകള്‍ക്കായി വിവിധ സഭകള്‍ വേണ്ട ക്രമീകരങ്ങള്‍ നടത്തിവരുന്നു.