ഒരു ചായയുമായി ഒരു മണിക്കൂര്‍ ഇരുന്നാല്‍ പണിയാകും; ഈ ഹോട്ടലില്‍ ഭക്ഷണത്തിനു വിലയിടുന്നത് ഇവിടെ ചെലവിടുന്ന സമയമനുസരിച്ചു

0

ഒരു ഹോട്ടലില്‍ കയറിയാല്‍ മിക്കവരും ആദ്യം ചെയ്യുന്നത് എന്താകും. മേശപ്പുറത്തു ഇരിക്കുന്ന മെനു കാര്‍ഡ്‌ ഒന്ന് എടുത്തു അതിലെ വിഭവങ്ങള്‍ ഓര്‍ഡര്‍ ചെയ്യുന്നതിനൊപ്പം അതിന്റെയെല്ലാം വിലനിലവാരം ഒന്നളക്കും. സമ്മതിച്ചാലും ഇല്ലെങ്കിലും നമ്മളില്‍ പലരും ഇത് ചെയ്യാറുണ്ട്. കൈയിലുള്ള പണവും മെനുവിലെ ഭക്ഷണത്തിന്റെ നിരക്കും വെച്ച് ഒന്ന് കണക്ക് കൂടി നോക്കാത്തവര്‍ വളരെ കുറവായിരിക്കും.

എന്നാല്‍ ഭക്ഷണത്തിന്റെ അളവിനേക്കാള്‍ അവിടെ ചിലവിടുന്ന സമയം നോക്കി വില നിശ്ചയിക്കുന്ന ഒരു ഹോട്ടലിനെ കുറിച്ചു കേട്ടിട്ടുണ്ടോ ? അതെ ഡല്‍ഹിയിലാണ് ആ ഹോട്ടല്‍.

ഇവിടെ ബില്‍ ഇടുന്നത് എത്ര നേരം ഇവിടെ ഇരിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ്. വളരെ വേഗത്തില്‍ ഭക്ഷണം കഴിച്ച് തീര്‍ക്കുന്നവര്‍ക്ക് ബില്‍ വളരെ കുറവായിരിക്കും എന്ന് അര്‍ത്ഥം. ഭക്ഷണ പ്രിയര്‍ക്ക്‌ ഇവിടെ വന്ന് എത്ര ആഹാരം വേണമെങ്കിലും കഴിക്കാം വേഗത്തില്‍ കഴിച്ചാല്‍ മാത്രം മതി. ഒരു ചായ മാത്രം ഓര്‍ഡര്‍ ചെയ്ത് കുറെ നേരം ഇരുന്ന് രസിച്ചു കുടിക്കാം എന്ന് കരുതിയാല്‍ പണിയാകും എന്ന് സാരം.  ഗുഡ്ഗാവിലുള്ള പിപ്പിള്‍ ആന്‍ഡ് കോ എന്ന റെസ്‌റ്റോറന്റിലാണ് പുത്തന്‍ രീതി പരീക്ഷിക്കുന്നത്.തിങ്കളാഴ്ചയും ചൊവ്വാഴ്ചയുമാണ് ഈ രീതിയില്‍ ഇവിടെ ഭക്ഷണം വിളമ്പുന്നത്. ഡിം സം പോലുള്ള ലഘു ഭക്ഷണങ്ങളും പിസ,പാസ്ത പോലുള്ള ഫില്ലറുകളുമാണ് ഇവിടെ ലഭിക്കുന്ന വിഭവങ്ങള്‍.