കോവിഡ്-19 : കേരളത്തിന്റെ പ്രതിരോധ പ്രവർത്തനങ്ങളെ വാനോളം പുകഴ്ത്തി വാഷിങ്ടൺ പോസ്റ്റ്

0

ലോകത്തെയാകെ മരണഭീതിയിലാഴ്ത്തിയ കോവിഡ്-19 വൈറസിനെതിരേ കേരളം സ്വീകരിച്ച മുൻകരുതലും ചികിത്സാസജ്ജീകരണങ്ങളെയും വാനോളം പുകഴ്ത്തി പ്രമുഖ രാജ്യാന്തര മാധ്യമമായ വാഷിങ്ടൻ പോസ്റ്റ്.

കേരള സര്‍ക്കാര്‍ സ്വീകരിച്ച പ്രതിരോധ നടപടികളെയും തീരുമാനങ്ങളെയും വിശദമായി വിലയിരുത്തിയാണു വാഷിങ്ടൻ പോസ്റ്റ് അഭിനന്ദിക്കുന്നത്. കേരളത്തിന്റെ നടപടി ‘കർശനവും മനുഷ്യത്വപരവു’മാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാ

സംസ്ഥാനത്തെ കുടിയേറ്റതൊഴിലാളികൾക്ക് താമസസൗകര്യമൊരുക്കിയതും സൗജന്യഭക്ഷണം വിതരണം ചെയ്യുന്നതുമടക്കമുള്ള വിവരങ്ങൾ വാർത്തയിൽ ചൂണ്ടിക്കാട്ടുന്നു. രാജ്യത്ത് കോവിഡ് റിപ്പോർട്ട് ചെയ്ത ആദ്യസംസ്ഥാനമായിട്ടും കേരളത്തിൽ ഏപ്രിൽ ആദ്യവാരമായപ്പോഴേക്കും പുതിയ കേസുകളുടെ എണ്ണം 30 ശതമാനമായി കുറയ്ക്കാനും 34 ശതമാമാനം പേർക്ക് രോഗമുക്തി നേടിക്കൊടുക്കാനും സംസ്ഥാനത്തിന്റെ മികച്ച പ്രവർത്തനങ്ങളിലൂടെ സാധിച്ചെന്ന് വാർത്തയിൽ വ്യക്തമാക്കുന്നു.

രോഗവ്യാപനം തടയാനുള്ള നടപടികള്‍, കോവിഡ് സംശയമുള്ളവരെ ക്വാറന്റീൻ ചെയ്യൽ, റൂട്ട് മാപ്പും സമ്പർക്ക പട്ടികയും തയാറാക്കൽ, കർശനമായ പരിശോധനകൾ, മികച്ച ചികിത്സ തുടങ്ങിയവ സർക്കാർ ഉറപ്പുവരുത്തി. 30 വർഷത്തിലേറെയായുള്ള കമ്യൂണിസ്റ്റ് പാർട്ടികളുടെ ഭരണത്തിന്റെ ഫലമായി പൊതുവിദ്യാഭ്യാസത്തിലും ആരോഗ്യ സംവിധാനത്തിലും കേരളം ധാരാളം നിക്ഷേപിച്ചിട്ടുണ്ട്. ഇവിടത്തെ ഉയർന്ന സാക്ഷരതയും രാജ്യത്തെ മികച്ച പൊതുജനാരോഗ്യ സംവിധാനമുള്ള സംസ്ഥാനമായി കേരളത്തെ മാറ്റാൻ സഹായിച്ചെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

ലോകാരോഗ്യ സംഘടന നിർദേശിച്ച രീതിയാണു കോവിഡ് പ്രതിരോധത്തിന് കേരളം സ്വീകരിച്ചത്. ഇത്രയും ജനസംഖ്യയുള്ള രാജ്യത്തു കൂട്ടമായുള്ള പരിശോധന സാധ്യമല്ലെന്നു കേന്ദ്ര ഏജൻസികൾ വിലയിരുത്തുമ്പോൾ ആളുകളെ പരിശോധിക്കുന്നതിൽ കേരളം സജീവമായി മുന്നിൽനിന്നു. ഏപ്രിൽ ആദ്യവാരം 13,000ലേറെ പരിശോധനകളാണ് നടത്തിയത്. വലിയ സംസ്ഥാനങ്ങളായ ആന്ധ്രപ്രദേശ് 6000, തമിഴ്നാട് 8000 എന്നിങ്ങനെയാണ് പരിശോധനകൾ നടത്തിയത്. ദേശീയ തലത്തിൽ 10 ശതമാനം പരിശോധന നടന്നിരുന്നില്ലെന്നും ഓർക്കണം. ഈ ആഴ്ച വാക്ക്–ഇൻ പരിശോധന സൗകര്യവും കേരളം ഏർപ്പാടാക്കുകയാണ്.

ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ പ്രതിസന്ധിയിലായ ജനങ്ങൾക്കായി 2.6 ബില്യൻ ഡോളറിന്റെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു. സ്കൂൾ കുട്ടികൾക്ക് ഭക്ഷണം, അതിഥി തൊഴിലാളികൾക്ക് ഉൾപ്പെടെ എല്ലാവർക്കും ഭക്ഷ്യകിറ്റ്, ധനസഹായം, സൗജന്യ ഭക്ഷണം, സമൂഹ അടുക്കള തുടങ്ങിയ ഒട്ടേറെ കാര്യങ്ങൾ ചെയ്തെന്നും റിപ്പോർട്ടിൽ വിവരിക്കുന്നു.