തിരുപ്പിറവിയുടെ ഓർമ്മ പുതുക്കി ഇന്ന് ക്രിസ്തുമസ്

0

ശാന്തിയുടെയും സമാധാനത്തിന്‍റെയും സന്ദേശങ്ങൾ പങ്കുവെച്ച് തിരുപ്പിറവിയുടെ ഓര്‍മ്മ പുതുക്കി ലോകമെമ്പാടുമുള്ള വിശ്വാസികള്‍ ഇന്ന് ക്രിസ്മസ് ആഘോഷിക്കുന്നു. ദേവാലയങ്ങളിൽ നടന്ന പാതിരാ കുർബാനകള്‍ക്ക് പുരോഹിതർ നേതൃത്വം നൽകി. ബെത്‍ലഹേമിലെ പുൽത്തൊഴുത്തിൽ ഉണ്ണിയേശു പിറന്നുവീണതിനെ അനുസ്മരിച്ചും സമാധാനത്തിന്‍റെയും സന്ദേശങ്ങൾ പങ്കുവച്ചും ലോകമെമ്പാടുമുള്ള ദേവാലയങ്ങളിൽ വിശ്വാസികൾ ഒത്തുചേർന്നു. സുവിശേഷവായനയ്ക്ക് ശേഷം തിരുപ്പിറവി അറിയിച്ചുകൊണ്ട് പള്ളിമണികൾ മുഴങ്ങി.

ക്രിസ്മസിനോടനുബന്ധിച്ച് സംസ്ഥാനത്തെ വിവിധ ദേവാലയങ്ങളിൽ പാതിരാ കുർബാന നടന്നുനിരവധി വിശ്വാസികളാണ് ചടങ്ങുകളിൽ പങ്കെടുത്തത്. 25 ദിവസത്തെ ത്യാഗപൂര്‍ണമായ നോമ്പിനും പ്രാര്‍ഥനകള്‍ക്കും സമാപ്തികുറിച്ചുകൊണ്ടാണ് ക്രൈസ്തവ വിശ്വാസികള്‍ തിരുപ്പിറവി ആഘോഷിക്കുന്നത്. നക്ഷത്രങ്ങളും പുല്‍ക്കൂടും ക്രിസ്മസ് ട്രീയുമെല്ലാം ഒരുക്കിയാണ് വിശ്വാസിസമൂഹം ക്രിസ്മസിനെ വരവേല്‍ക്കുന്നത്.

വത്തിക്കാനിലും ഉണ്ണിയേശു പിറന്ന ബത്‍ലഹേമിലുള്ള നേറ്റിവിറ്റി ദേവാലയത്തിലും നടന്ന വിശുദ്ധകുർബാനയിൽ നിരവധിപ്പേരെത്തി. വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ബസിലിക്കയിൽ ക്രിസ്മസ് പ്രാർത്ഥനകൾക്കായി പതിനായിരങ്ങളാണ് ഒത്തുകൂടിയിരിക്കുന്നത്.

ഉർബി അറ്റ് ഓർബി – അഥവാ നഗരത്തോടും ലോകത്തോടും എന്നറിയപ്പെടുന്ന മാർപ്പാപ്പയുടെ പരമ്പരാഗത ക്രിസ്മസ് പ്രസംഗം ക്രിസ്മസ് ദിനത്തില്‍ വിശ്വാസികളെ സംബന്ധിച്ചടുത്തോളം ഏറെ പ്രധാനമാണ്. മാർപ്പാപ്പയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ഫ്രാന്‍സിസിന്‍റെ ഏഴാമത് ക്രിസ്മസ് സന്ദേശമാണിത്. വിശുദ്ധ കുർബാനയ്ക്ക് അദ്ദേഹം നേതൃത്വം നൽകും. കനത്ത സുരക്ഷാക്രമീകരണങ്ങളാണ് വത്തിക്കാനിൽ ഇത്തവണ ഒരുക്കിയത്.

വത്തിക്കാൻ ഉദ്യോഗസ്ഥർക്കായുള്ള ക്രിസ്മസ് ദിന സന്ദേശത്തിൽ പോപ് ഫ്രാൻസിസ്, പുതിയ കാലത്തെ ക്രിസ്തുമതത്തെ പുനർനിർവചിക്കാനാണ് ആഹ്വാനം ചെയ്തത്. യൂറോപ്പിൽ പോസ്റ്റ് – ക്രിസ്ത്യൻ കാലഘട്ടത്തിൽ കാലത്തിനനുസരിച്ച് ക്രിസ്തുമതത്തെ പുതുതലമുറയിലേക്ക് എത്തിക്കേണ്ടതുണ്ടെന്ന് മാർപ്പാപ്പ പറഞ്ഞിരുന്നു.