കാസര്‍ഗോഡ് – തിരുവനന്തപുരം സെമി ഹൈസ്പീഡ് റെയില്‍പാതക്ക് തത്വത്തില്‍ അനുമതി

0

കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള കേരളത്തിന്റെ സെമി ഹൈസ്പീഡ് റെയില്‍പാതാ പദ്ധതിയായ സില്‍വര്‍ ലൈനിന് കേന്ദ്രം തത്വത്തില്‍ അനുമതി നല്‍കി. ഇന്ത്യന്‍ റെയില്‍വെയും സംസ്ഥാന സര്‍ക്കാരും ചേര്‍ന്ന് രൂപീകരിച്ച കെആര്‍ഡിസിഎല്‍ ആണ് പദ്ധതി നടപ്പാക്കുന്നത്. കേരളത്തിന്റെ വികസനക്കുതിപ്പിന് ഏറെ കരുത്തേകുന്ന വാര്‍ത്തയാണിതെന്നും റെയില്‍ ഇടനാഴി നിര്‍മാണത്തിലൂടെ അരലക്ഷത്തോളം തൊഴിലവസരങ്ങള്‍ ലഭിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഫെയ്‌സ്ബുക്കിലൂടെ കുറിച്ചു.

സംസ്ഥാന മന്ത്രിസഭ പദ്ധതി അംഗീകരിച്ച ശേഷമാണ് കേന്ദ്ര റെയില്‍വെ മന്ത്രാലയത്തിനയിച്ചത്. നിക്ഷേപ സമാഹരണത്തിനുള്ള ആസൂത്രണവുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 200 കിലോമീറ്റര്‍ വരെ വേഗത്തില്‍ ട്രെയിന്‍ ഓടിക്കാവുന്ന രണ്ട് റെയില്‍ലൈനുകളാണ് നിര്‍മിക്കുന്നത്.

പദ്ധതി വിജയകരമായി നടപ്പാക്കാനാവുമെന്ന് പ്രാഥമിക സാധ്യതാപഠനത്തില്‍ കണ്ടെത്തിയിരുന്നു. നാലു മണിക്കൂറില്‍ തിരുവനന്തപുരത്തുനിന്ന് കാസര്‍ഗോഡ് വരെ യാത്ര ചെയ്യാവുന്ന സെമി ഹൈസ്പീഡ് റെയില്‍ ഇടനാഴി പരിസ്ഥിതി സൗഹൃദ പദ്ധതിയായാണ് വിഭാവനം ചെയ്തിട്ടുള്ളത്. കൊച്ചുവേളിയില്‍ നിന്ന് കാസര്‍ഗോഡ് വരെ 532 കിലോമീറ്ററിലാണ് റെയില്‍പാത നിര്‍മിക്കുക. തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെ നിലവിലുള്ള പാതയില്‍നിന്ന് മാറിയാണ് നിര്‍ദിഷ്ട റെയില്‍ഇടനാഴി നിര്‍മിക്കുന്നത്.

തൃശൂര്‍ മുതല്‍ കാസര്‍ഗോഡ് വരെ നിലവിലുള്ള പാതയ്ക്ക് സമാന്തരമായിരിക്കും. ഓരോ 500 മീറ്ററിലും പുതിയ പാതയ്ക്കടിയിലൂടെ ക്രോസിംഗ് സൗകര്യമുണ്ടായിരിക്കും. റെയില്‍ ഇടനാഴി നിര്‍മാണത്തിലൂടെ അര ലക്ഷത്തോളം തൊഴിലവസരങ്ങളാണ് ലഭിക്കുക. പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ 11,000 പേര്‍ക്ക് തൊഴില്‍ ലഭിക്കും.