മൊബൈൽ ഫോൺ നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചു, ഇന്ന് മുതല്‍ പ്രാബല്യത്തില്‍

0

ഡൽഹി: രാജ്യത്ത് ഇന്ന് മുതൽ മൊബൈൽ ഫോൺ നിരക്കുകള്‍ വര്‍ദ്ധിക്കും. എയർട്ടെല്ലിന് പിന്നാലെ വൊഡാഫോൺ ഐഡിയയും പ്രീ പെയ്ഡ് നിരക്കുകൾ കഴിഞ്ഞ ദിവസം കൂട്ടിയിരുന്നു. പ്രീപെയ്ഡ് കോള്‍ നിരക്കുകള്‍ 25 ശതമാനം ആണ് എയർടെൽ കൂട്ടിയത്. പുതിയ നിരക്കുകള്‍ ഇന്ന് അർദ്ധരാത്രി നിലവിൽ വരും. പോസ്റ്റ് പെയ്ഡ് പ്ലാനുകൾക്ക് തൽകാലം വർധനയില്ല. എയർടെൽ നിലവിലെ 79 രൂപയുടെ റീചാർജ് പ്ലാൻ 99 രൂപയാക്കി മാറ്റിയിട്ടുണ്ട്. 149 രൂപയുടെ പ്ലാന്‍ 179 രൂപയാക്കി വര്‍ദ്ധിപ്പിച്ചു. 48 രൂപയുടെ ഡേറ്റ ടോപ് അപ്പ് 58 രൂപയാക്കി കൂട്ടി.

ഇതിന് പിന്നാലെ വൊഡാഫോൻ ഐഡിയയും നിരക്ക് വർധന പ്രഖ്യാപിച്ചു. വൊഡാഫോൻ ഐഡിയ തങ്ങളുടെ ഡേറ്റാ ടോപ്പ്-അപ്പ് പ്ലാനുകൾക്ക് 67 രൂപ വരെ കൂട്ടിയിട്ടുണ്ട്. 48 രൂപയുടെ പ്ലാനിന് 58 രൂപ
നല്‍കേണ്ടിവരുമ്പോൾ 351 രൂപ പ്ലാനിന് വ്യാഴാഴ്ച മുതൽ 418 രൂപ നൽകണം. ഒരു വർഷം കാലാവധിയുള്ള 2,399 രൂപയുടെ പ്ലാനിന് ഇനി മുതൽ 2,899 രൂപ നൽകണം.

ഇപ്പോഴത്തെ കണക്ക് പ്രകാരം ടെലികോം കമ്പനികള്‍ ഉദ്ദേശിക്കുന്നത്, വരുമാനത്തിലെ കുതിച്ചുചാട്ടമാണ്. ആളോഹരി വരുമാനത്തില്‍ വര്‍ദ്ധനവ് വേണം എന്നതാണ് ഈ നിരക്ക് വര്‍ദ്ധനവിന്‍റെ അടിസ്ഥാനമായി അവര്‍ പറയുന്നത്. അതായത് 20 മുതല്‍ 25 ശതമാനം താരിഫ് നിരക്ക് വര്‍ദ്ധനവാണ് എയര്‍ടെല്‍, വി എന്നിവ വരുത്തിയിരിക്കുന്നത്. അഞ്ച് വര്‍ഷമായി ടെലികോം മേഖലയില്‍ വലിയ വരുമാന നഷ്ടമാണ് ഉണ്ടാകുന്നത് എന്നാണ് എയര്‍ടെല്‍, വി എന്നിവയുടെ വാദം.

2016 ല്‍ റിലയന്‍സ് ജിയോ കടന്നുവന്നതോടെ കോള്‍ നിരക്കുകളും, ഇന്‍റന്‍നെറ്റ് ഡാറ്റ നിരക്കുകളും കുത്തനെ കുറഞ്ഞതോടെ മത്സരത്തില്‍ പിടിച്ചുനില്‍ക്കാന്‍ സാധിക്കാതെ പല ടെലികോം കമ്പനികളും പൂട്ടി. വോഡഫോണും ഐ‍ഡിയയും പിടിച്ചുനില്‍ക്കാന്‍ ഒന്നായി. എന്നാല്‍ പ്രതിസന്ധി അതിന്‍റെ പരകോടിയില്‍ എത്തിയിരുന്നു കഴിഞ്ഞ രണ്ട് വര്‍ഷമായി. എജിആര്‍ കേസിലെ വിധി വന്നതോടെ രാജ്യത്തെ ടെലികോം മേഖല വലിയ പ്രതിസന്ധിയിലായി. ഇത് അടുത്ത ഘട്ടം ടെലികോം വികാസത്തെ ബാധിക്കും എന്ന അവസ്ഥയിലാണ് മാസങ്ങള്‍ക്ക് മുന്‍പ് കേന്ദ്രസര്‍ക്കാര്‍ ടെലികോം മേഖലയ്ക്ക് ചില ആശ്വാസങ്ങള്‍ പ്രഖ്യാപിച്ചത്. ഇതിന്‍റെ ഭാഗമായികുന്നു നിരക്ക് വര്‍ദ്ധനയ്ക്കുള്ള സാഹചര്യം ഒരുക്കല്‍ അതാണ് ഇപ്പോള്‍ പ്രാവര്‍ത്തികമാകുന്നത്. ഡിസംബര്‍ 2019 ല്‍ ഇത്തരത്തില്‍ ഒരു നിരക്ക് വര്‍ദ്ധനവ് ടെലികോം കമ്പനികള്‍ നടത്തിയിരുന്നു.