നെടുമ്പാശേരിയില്‍ നിന്ന് സിംഗപ്പൂര്‍ വഴി മനുഷ്യക്കടത്ത്

0

 

നെടുമ്പാശേരി വിമാനത്താവളം വഴി വീണ്ടും മനുഷ്യക്കടത്ത്. വ്യാജയാത്രാ രേഖകളുമായി നെടുമ്പാശേരിയില്‍ നിന്നു കയറ്റിവിട്ട മൂന്ന് അഫ്ഗാന്‍ സ്വദേശികളെ ഇന്തോനേഷ്യന്‍ എമിഗ്രേഷന്‍ വിഭാഗം പിടികൂടി തിരിച്ചയച്ചു. അഫ്ഗാനിസ്ഥാന്‍ സ്വദേശികളായ റഹ്മത്തുള്ള അബ്ദുള്ള അസീം(36), ഭാര്യാ മാതാവ് ബീബി ഖദീജ(65), ഭാര്യാ സഹോദരി നാസിറ(15) എന്നിവരെയാണ് ഇന്തോനേഷ്യന്‍ അധികൃതര്‍ തിരിച്ചയച്ചത്.
 
തിങ്കളാഴ്ച രാത്രി സില്‍ക്ക് എയറിന്‍റെ സിംഗപ്പൂര്‍ വഴിയുള്ള വിമാനത്തില്‍ തിരിച്ചെത്തിയ ഇവരെ കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളടക്കമുള്ളവര്‍ ചോദ്യം ചെയ്ത ശേഷം ഇന്നലെ രാവിലെ നെടുമ്പാശേരി പൊലീസിനു കൈമാറി. ആലുവ ക്രൈം ഡിറ്റാച്ച്മെന്‍റ് വിഭാഗമാണ് കേസിന്‍റെ തുടരന്വേഷണം നടത്തുന്നത്. ഇന്‍റലിജന്‍സ് എഡിജിപി ടി.പി. സെന്‍കുമാര്‍ എമിഗ്രേഷന്‍ വിഭാഗത്തോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. 
 
അഫ്ഗാനിസ്ഥാനില്‍ നിന്നും നേപ്പാളിലെത്തിയ ശേഷം റോഡ് മാര്‍ഗം ഡല്‍ഹിയിലെത്തിയ ഇവര്‍ അലി എന്നു പേരുള്ള ഏജന്‍റിനു കൈവശമുള്ള അഫ്ഗാനിസ്ഥാന്‍ പാസ്പോര്‍ട്ടും നാലു ലക്ഷത്തോളം രൂപയ്ക്കു തുല്യമായ ഡോളറും നല്‍കി ഇവരുടെ ഫോട്ടൊയും പേരും പതിപ്പിച്ച ഇറേനിയന്‍ പാസ്പോര്‍ട്ടും യാത്രാടിക്കറ്റും സംഘടിപ്പിക്കുകയായിരുന്നു. 
 
അഞ്ചിനു ഡല്‍ഹിയില്‍ നിന്നു കൊച്ചിയിലെത്തി രാത്രി 11.15നുള്ള സില്‍ക്ക് എയറിന്‍റെ സിംഗപ്പൂര്‍ വഴിയുള്ള വിമാനത്തില്‍ ഇന്തോനേഷ്യയ്ക്കു കയറിപ്പോയി. ഇവരുടെ യാത്രാരേഖകള്‍ പരിശോധിച്ച എമിഗ്രേഷന്‍ ഉദ്യോഗസ്ഥന്‍ മേലുദ്യോഗസ്ഥരെ കാണിച്ച് അനുവാദം വാങ്ങിയാണു കയറ്റിവിട്ടത്. സിംഗപ്പൂര്‍ വഴി ഇന്തോനേഷ്യയില്‍ എത്തിയ അഫ്ഗാന്‍ കുടുംബത്തെ രേഖകള്‍ വ്യാജമാണെന്നു കണ്ടു മടക്കി നെടുമ്പാശേരിയിലേക്ക് അയച്ചു. ഏഴിനു നെടുമ്പാശേരിയില്‍ എത്തിയ ഇവരെ വിവരം പുറത്തറിയാതിരിക്കാന്‍ അതേ വിമാനത്തില്‍ വീണ്ടും നെടുമ്പാശേരിയിലെ എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ കയറ്റിവിട്ടു. 
 
യാത്രാരേഖകള്‍ വ്യാജമാണെന്നു തിരിച്ചയയ്ക്കുമ്പോള്‍ ഇന്തോനേഷ്യന്‍ അധികൃതര്‍ രേഖകളില്‍ എഴുതിയിട്ടുണ്ടായിരുന്നു. ഇന്തോനേഷ്യയിലേക്കു വീണ്ടും കയറ്റിവിട്ട അഫ്ഗാന്‍കാരെ അവിടുത്തെ എമിഗ്രേഷന്‍ അധികൃതര്‍ വ്യാജ ഇറേനിയന്‍ യാത്രാരേഖകളായതു കൊണ്ട് ഇറാനിലേക്കു വിട്ടു. അവിടെ നിന്നും ഇറാന്‍ എമിഗ്രേഷന്‍ വിഭാഗം ഇവരെ ഇന്തോനേഷ്യയിലേക്കു മടക്കി. 
അഫ്ഗാന്‍കാരുടെ കൈവശമുണ്ടായിരുന്ന വ്യാജ ഇറാന്‍ പാസ്പോര്‍ട്ടും മറ്റും ഇറാന്‍ എമിഗ്രേഷന്‍ വിഭാഗം പിടിച്ചുവച്ച ശേഷമാണ് ഇന്തോനേഷ്യയിലേക്കു കയറ്റി വിട്ടത്. അവിടെ നിന്നും എമിഗ്രേഷന്‍ അധികൃതര്‍ സിംഗപ്പൂരിലേക്കു കയറ്റിവിട്ടു. സിംഗപ്പൂര്‍ എമിഗ്രേഷന്‍ വിഭാഗം അഫ്ഗാന്‍ സ്വദേശികളെ നെടുമ്പാശേരിയിലേക്കു മടക്കി അയക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. 
 
17 ന് രാത്രി 10.15നാണു ഇവര്‍ മൂന്നുപേരും തിരിച്ചെത്തിയത്. ഇവര്‍ക്കു പാഴ്സി ഭാഷയും കുറച്ചു ഹിന്ദിയും മാത്രമേ അറിയൂ. എമിഗ്രേഷന്‍ ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണു പോയതെന്നു വിവിധ ഏജന്‍സികളുടെ ചോദ്യം ചെയ്യലില്‍ കണ്ടെത്തിയിട്ടുണ്ട്.ഇന്തോനേഷ്യയില്‍ കുടിയേറി താമസിക്കുന്ന ബീബി ഖദീജയുടെ രോഗബാധിതനായതിനെ തുടര്‍ന്നു കാലു മുറിച്ചു കളയേണ്ടി വന്ന മകനെ സന്ദര്‍ശിക്കുന്നതിനായാണു പോയതെന്നാണ് ഇവര്‍ മൊഴി നല്‍കിയിട്ടുള്ളത്. നെടുമ്പാശേരി വിമാനത്താവളം വഴിയുള്ള മനുഷ്യക്കടത്ത് വീണ്ടും പിടിക്കപ്പെട്ടത് എമിഗ്രേഷന്‍ വിഭാഗത്തിനു തിരിച്ചടിയായിരിക്കുകയാണ്.