കാറിന്റെ ഗ്ലാസില്‍ കറുത്ത ഫിലിം ഒട്ടിച്ചു; പ്രഭാസിന് പിഴ ചുമത്തി പൊലീസ്

0

ഹൈദരാബാദ്: ട്രാഫിക് നിയമ ലംഘനം നടത്തിയതിന് തെന്നിന്ത്യൻ താരം പ്രഭാസിൽ നിന്ന് പിഴയീടാക്കി ഹൈദരാബാദ് ട്രാഫിക് പൊലീസ്. കാറിൽ കറുത്ത ഫിലിം ഒട്ടിച്ചു, നമ്പർ പ്ലേറ്റിലെ അപാകതകൾ എന്നിവ ചൂണ്ടിക്കാട്ടിയാണ് പൊലീസ് പിഴയീടാക്കിയത്.

സംഭവസമയം പ്രഭാസ് കാറിൽ ഉണ്ടായിരുന്നില്ല എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ജൂബിലി ഹിൽസിന് സമീപത്താണ് സംഭവം. ട്രാഫിക് നിയമങ്ങൾ തെറ്റിച്ച ഒരു കാർ പാർക്ക് ചെയ്തിരുന്നത് പൊലീസിന്റെ ശ്രദ്ധയിൽപ്പെടുകയും പിഴ ഈടാക്കുകയും ചെയ്തു. 1600 രൂപയാണ് പൊലീസ് ഈടാക്കിയത്. നേരത്തെ നടൻ നാഗ ചൈതന്യയ്ക്കും സമാനമായ രീതിയിൽ പിഴയടക്കേണ്ടി വന്നിരുന്നു.

അതേസമയം ‘രാധേ ശ്യാമാ’ണ് പ്രഭാസിന്റേതായി ഒടുവിൽ റിലീസ് ചെയ്തത്. ഫാന്റസി മൂഡിൽ ഒരുക്കിയ പ്രണയകഥയ്ക്ക് പൊതുവെ മോശം പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്.ഏകദേശം 350 കോടി ബജറ്റിലായിരുന്നു പ്രഭാസ് ചിത്രം രാധേശ്യാം നിര്‍മിച്ചിരിക്കുന്നത്. രാധാ കൃഷ്ണ കുമാര്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

ഹസ്തരേഖ വിദഗ്ദനായ വിക്രമാദിത്യന്‍ എന്ന കഥാപാത്രമായാണ് പ്രഭാസ് സിനിമയില്‍ എത്തിയത്. തീയറ്ററില്‍ വലിയ വിജയം നേടാന്‍ സാധിക്കാതിരുന്ന ചിത്രം അടുത്തിടെ ഒടിടിയില്‍ റിലീസ് ചെയ്തിരുന്നു.

പ്രഭാസിനെ നായകനാക്കി ‘കെജിഎഫ്’ സംവിധായകൻ പ്രശാന്ത് നീലിന്റെ ചിത്രവും വരാനുണ്ട്. ഒരു ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് പ്രഭാസ് നായകനാകുന്ന ‘സലാർ’. ശ്രുതി ഹാസന്‍ ആണ് ചിത്രത്തിലെ നായിക. ‘സലാര്‍’ എന്ന ടൈറ്റില്‍ കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ പ്രഭാസ് അഭിനയിക്കുന്നത്. ‘ആദ്യ’ എന്ന കഥാപാത്രമാണ് ചിത്രത്തില്‍ ശ്രുതി ഹാസൻ.

പ്രശാന്ത് നീല്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. ഭുവൻ ഗൗഡയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുക. രവി ബസ്രുര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. അഭികെജിഎഫ് നിര്‍മ്മാതാക്കളായ ഹൊംബാളെ ഫിലിംസ് ആണ് ‘സലാറി’ന്‍റെയും നിര്‍മ്മാണം. മധു ഗുരുസ്വാമിയാണ് ചിത്രത്തില്‍ പ്രതിനായക വേഷത്തില്‍ എത്തുന്നത്.