ലോകകപ്പിന് തിരശ്ശീല ഉയര്‍ന്നു; എലിസബത്ത് രാജ്ഞി നൽകിയ വിരുന്നിൽ പങ്കെടുത്തു നായകന്മാർ ബക്കിംഗ്ഹാം കൊട്ടാരത്തിൽ

0

ലണ്ടന്‍: ലോകകപ്പ് ക്രിക്കറ്റിന്റെ 12-ാം എഡിഷന് ലണ്ടനില്‍ തിരശ്ശീല ഉയര്‍ന്നു. ഇംഗ്ലണ്ടിലെ ബക്കിങ്ഹാം കൊട്ടാരത്തിന് സമീപമുള്ള ദി മാള്‍ റോഡ് ഉദ്ഘാടന ചടങ്ങുകള്‍ക്ക് വേദിയായി. ഓരോ ടീമിന്റേയും ക്യാപ്റ്റന്‍മാര്‍ ചടങ്ങില്‍ പങ്കെടുത്തു. ഇന്ത്യൻ സമയം രാത്രി 9.30ന് തുടങ്ങിയ ഉദ്ഘാടന ചടങ്ങ് ഏകദേശം ഒരു മണിക്കൂര്‍ നീണ്ടുനിന്നു.

ഓരോ ടീമിന്റെയും ലോകകപ്പ് ഔദ്യോഗിക ഗാനമായ സ്റ്റാന്‍ഡ് ബൈ റുഡിമെന്റല്‍ ബാന്‍ഡിലെ ലോറിന്‍ അവതരിപ്പിച്ചു. ഈ ബാന്‍ഡിന്റെ തന്നെ ഫീലിങ് എന്ന പാട്ടോടു കൂടിയായാണ് ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചത്. ഇംഗ്ലണ്ട് താരമായിരുന്ന ആന്‍ഡ്രു ഫ്‌ളിന്റോഫ് ആയിരുന്നു ചടങ്ങിന്റെ അവതാരകന്‍.

വിവിധ രാജ്യങ്ങളില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട 4000 പേര്‍ മാത്രമാണ് ഈ ഉദ്ഘാടന ചടങ്ങില്‍ നേരിട്ട് കാഴ്‌ചക്കാരായത്. ക്രിക്കറ്റ് ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡ്സും ഉദ്ഘാടനച്ചടങ്ങിലെ താരമായി. രണ്ട് തവണ ലോകകപ്പ് ജേതാവാണ് റിച്ചാര്‍ഡ്‌സ്. ഉദ്ഘാടനത്തില്‍ പാക്കിസ്ഥാനെ പ്രതിനിധീകരിച്ച് എത്തിയവരിൽ ഒരാള്‍ മലാല യൂസഫ്‌സായിയായിരുന്നു. ഇന്ത്യയില്‍ നിന്ന് ബോളിവുഡ് താരം ഫര്‍ഹാന്‍ അക്‌തറും പങ്കെടുത്തു.

ഉദ്ഘാടന ചടങ്ങുകള്‍ക്ക് മുന്‍പ് എലിസബത്ത് രാജ്ഞിയുമായി ടീം നായകന്‍മാര്‍ കൂടിക്കാഴ്‌ച നടത്തി. ബെക്കിംഗ്ഹാം കൊട്ടാരത്തിലായിരുന്നു സംഗമം.

ദക്ഷിണാഫ്രിക്കയും ഇംഗ്ലണ്ടും തമ്മിലാണ് ഉദ്ഘാടന മത്സരം. ഇന്ത്യന്‍ സമയം വ്യാഴാഴ്ച്ച വൈകുന്നേരം മൂന്നു മണിക്കാണ് ഈ മത്സരം. ഇന്ത്യയുടെ ആദ്യ മത്സരം അഞ്ചാം തിയ്യതി ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ്.