ഇടുക്കി ഡാം തുറന്നു; സെക്കന്‍ഡില്‍ പുറത്തേക്ക് ഒഴുകുക ഒരു ലക്ഷം ലിറ്റര്‍ വെള്ളം, ജാഗ്രത!

0

മാങ്കുളം: ഇടുക്കി ഡാം തുറന്നു. വെള്ളം പുറത്തേക്ക് ഒഴുകിത്തുടങ്ങി. 2018-ലെ പ്രളയത്തിനുശേഷം ഇതാദ്യമായാണ് ഡാം തുറന്നത്. ജലനിരപ്പ് ചുവന്ന ജാഗ്രതാ പരിധി പിന്നിട്ടതോടെയാണ് ചെറിയ അളവില്‍ വെള്ളം തുറന്നുവിടാന്‍ തീരുമാനിച്ചത്. രാവിലെ 11-ന് ചെറുതോണി ഡാമിന്റെ മൂന്നാമത്തെ ഷട്ടര്‍ തുറന്നു. മൂന്ന് ഷട്ടറുകള്‍ 35 സെന്റിമീറ്റര്‍ വീതം തുറന്ന് സെക്കന്‍ഡില്‍ 100 ഘനമീറ്റര്‍ അളവില്‍ വെള്ളമാണ് ഒഴുക്കാന്‍ തീരുമാനിച്ചിരിക്കുന്നത്‌. 10:50 മുതല്‍ മിനിറ്റുകളുടെ ഇടവേളയില്‍ ഓരോ സൈറണ്‍ മുഴങ്ങി. മൂന്നാമത്തെ സൈറണ്‍ മുഴങ്ങി വൈകാതെ ഷട്ടര്‍ തുറന്ന് വെള്ളംപുറത്തേക്ക് ഒഴുകിത്തുടങ്ങി.

ചെറുതോണി ഡാമിന്റെ മൂന്നാം ഷട്ടര്‍ 35 സെന്റിമീറ്ററാണ് ഉയര്‍ത്തിയത്. ഡാമിന്റെ രണ്ടും മൂന്നും നാലും ഷട്ടറുകള്‍ ഘട്ടംഘട്ടമായി ഉയര്‍ത്തും. സെക്കന്‍ഡില്‍ ഒരുലക്ഷം ലിറ്റര്‍ വെള്ളമാണ് പുറത്തേക്ക് ഒഴുകുന്നത്. മന്ത്രിമാരുടെ സാന്നിധ്യത്തില്‍ മൂന്നാമത്തെ ഷട്ടറാണ് ആദ്യം തുറന്നത്. പെരിയാറിലെ ജലനിരപ്പ് ഒരു മീറ്റര്‍ ഉയരും. വൈകിട്ട് നാലുമണിയോടെ ആലുവ, കാലടി മേഖലയിലെത്തും. 2018ലെ അപേക്ഷിച്ച് പത്തിലൊരു ഭാഗം മാത്രം വെള്ളമാണ് ഇത്തവണയൊഴുക്കുന്നത്.

രാവിലെ 10.55ന് ആദ്യമുന്നറിയിപ്പായി സൈറണ്‍ മുഴങ്ങി. മൂന്ന് മുന്നറിയിപ്പ് സൈറണുകള്‍ മുഴങ്ങിയ ശേഷമാണ് ഷട്ടര്‍ തുറന്നത്. വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടി, ജലസേചന മന്ത്രി റോഷി അഗസ്റ്റിന്‍, ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് , വൈദ്യുതി ബോര്‍ഡ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് ഷട്ടര്‍ തുറന്നത്. ഡാമിന്റെ ജലനിരപ്പ് 2397.96 അടിയായ സാഹചര്യത്തിലാണ് ഡാം തുറന്നത്. ചെറുതോണിയിലെ ജലനിരപ്പ് വിലയിരുത്തി അഞ്ചുമിനിറ്റിന് ശേഷമാണ് രണ്ടാമത്തെ ഷട്ടര്‍ തുറക്കുന്നത്.

ഇടുക്കി, വാത്തിക്കുടി, തങ്കമണി, കഞ്ഞിക്കുഴി മേഖലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഡാം മേഖലയിലേക്ക് രാത്രികാല യാത്ര വേണ്ടെന്നും പെരിയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇടുക്കിയില്‍നിന്ന് വെള്ളമൊഴുക്കുന്ന പ്രദേശങ്ങളിലെല്ലാമാണ് ജാഗ്രതാനിര്‍ദേശം. പൊതുജനങ്ങളും അധികാരികളും ജാഗ്രത പാലിക്കണമെന്ന് ഇടുക്കി ജില്ലാ കലക്ടര്‍ അറിയിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.