ജലനിരപ്പ് നിയന്ത്രിക്കാനാകാത്ത സാഹചര്യം; ഇടുക്കി ഡാമിന്റെ അഞ്ചാമത്തെ ഷട്ടറും തുറന്നു; സെക്കന്‍ഡില്‍ 500,000 ലിറ്റര്‍ വെള്ളം പെരിയാറിലേക്ക്

0

വൃഷ്ടിപ്രദേശങ്ങളില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ചെറുതോണി അണക്കെട്ടിന്റെ അഞ്ചാമത്തെ ഷട്ടറും തുറന്നു. സെക്കന്റില്‍ ആറ് ഘനമീറ്റര്‍ എന്ന തോതില്‍ അണക്കെട്ടില്‍ നിന്ന് നാല് ഷട്ടറുകളിലൂടെ വെള്ളം ഒഴുക്കിക്കളഞ്ഞിട്ടും ജലനിരപ്പ് നിയന്ത്രിക്കാനാകാത്ത സാഹചര്യത്തിലാണ് അഞ്ചാം ഷട്ടറും തുറന്നത്.

2041.60 അടിയാണ് ഇപ്പോള്‍ ഡാമിലെ ജലനിരപ്പ്. പരമാവധി സംഭരണ ശേഷിയിലേക്ക് ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലാണ് എല്ലാ ഷട്ടറുകളും തുറക്കാന്‍ തീരുമാനമെടുത്തത്. എല്ലാ കണക്കുകൂട്ടലുകളും തെറ്റിക്കുന്ന കനത്ത മഴയാണ് ഇപ്പോള്‍ ഇടുക്കിയില്‍ പെയ്യുന്നത്. ഡാം നിറഞ്ഞുകവിയുന്ന സാഹചര്യം ഒഴിവാക്കാന്‍ വേറെ വഴിയില്ലാതെ വന്നതോടെയാണ് കേരളത്തിലെ ഏറ്റവും വലിയ ഡാമിന്റെ മുഴുവന്‍ ഷട്ടറുകളും തുറന്നിട്ടത്. ഇതോടെ സെക്കന്‍ഡില്‍ 500,000 ലിറ്റര്‍ വെള്ളമാണ് പെരിയാറിലേക്ക് ഒഴുകിയെത്തുന്നത്. ഘട്ടം ഘട്ടമായി ഇത് 700 ഘനമീറ്റര്‍ എന്ന നിലയിലേക്ക് ഉയര്‍ത്താനാണ് തീരുമാനം. അടിയന്തരസാഹചര്യം കണക്കിലെടുത്ത് എറണാകുളം ജില്ല അതീവജാഗ്രതയിലാണ്.

ഇടുക്കി ഡാമിന്റെ അഞ്ച് ഷട്ടറുകളും തുറന്നതോടെ അടിയന്തരസാഹചര്യം നേരിടാന്‍ എറണാകുളം ജില്ലയില്‍ ഒരുക്കങ്ങള്‍ ആരംഭിച്ചു. ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും ഇന്ന് ഉച്ചയ്ക്ക് ശേഷം അവധി പ്രഖ്യാപിച്ചു. പെരിയാറില്‍ ജലനിരപ്പ് ഉയരുന്നത് കണക്കിലെടുത്ത് 6500 കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കും. ദുരന്തനിവാരണ സേനയുടെ നാല് സംഘങ്ങളെ എറണാകുളത്ത് വിന്യസിക്കും. നിലവില്‍ പത്ത് സംഘങ്ങള്‍ സംസ്ഥാനത്ത് ക്യാംപ് ചെയ്യുന്നുണ്ട്.

വലിയ അളവില്‍ വെള്ളമെത്തുന്നതോടെ ചെറുതോണി ടൗണിലടക്കം വെള്ളം കയറുമെന്ന ആശങ്ക നിലവിലുണ്ട്. പലയിടത്തും മണ്ണിടിച്ചില്‍ തുടരുകയാണ്, മരങ്ങള്‍ കടപുഴകി വീഴുന്നതും തുടരുന്നു. ചെറുതോണിപ്പുഴയുടെ ഓരങ്ങളില്‍ താമസിച്ചവരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. വെള്ളം കടന്നുപോകുന്ന പ്രദേശങ്ങളില്‍ ശക്തമായ സുരക്ഷാ സംവിധാനങ്ങള്‍ വിന്യസിച്ചിട്ടുണ്ട്.