പ്രസാദിന്റെ പടിയിറങ്ങി ഇളയരാജ; പുരസ്‌കാരങ്ങളും സംഗീതോപകരണങ്ങളും കൊണ്ടുപോയി

0

സാലി ഗ്രാമത്തിലെ പ്രസാദ് സ്റ്റുഡിയോയിലെ ഒന്നാം നമ്പർ റെക്കോർഡിങ് മുറിയിൽ ഇനി മുതൽ ഇളയരാജയോ അദേഹത്തിനു ലഭിച്ച പുരസ്കാരങ്ങളോ ഉണ്ടാകില്ല. പത്മവിഭൂഷൺ ഉൾപ്പെടെയുള്ള പുരസ്കാരങ്ങൾ, സംഗീത ഉപകരണങ്ങൾ, ഈണം കുറിച്ചുവച്ച നോട്ടുപുസ്തകങ്ങൾ അങ്ങനെ രണ്ടു കണ്ടെയ്‌നർട്രക്കു നിറയെ വസ്തുക്കൾ ഇളയരാജ വീട്ടിലേക്ക് കൊണ്ടുപോയി.

ഇളയരാജയ്ക്കു ലഭിച്ച പുരസ്‌കാരങ്ങള്‍, സംഗീതോപകരണങ്ങള്‍, ഏഴ് അലമാരകള്‍ എന്നിവ ഉള്‍പ്പെടെ 160 സാധനങ്ങളാണ് അദ്ദേഹം സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയത്. ഇശൈജ്ഞാനി ഇളയരാജ 30 വര്‍ഷമായി പ്രസാദ് സ്റ്റുഡിയോയുടെ മുറിയാണ് റെക്കോഡിങ്ങിനായി ഉപയോഗിച്ചിരുന്നത്. സ്റ്റുഡിയോയുടെ സ്ഥാപകന്‍ എല്‍.വി. പ്രസാദിന്റെ വാക്കാലുള്ള അനുമതിയോടെയായിരുന്നു ഉപയോഗിച്ചിരുന്നത്. എന്നാല്‍, കഴിഞ്ഞ വര്‍ഷം പ്രസാദിന്റെ പിന്‍ഗാമി സായ് പ്രസാദ് സ്റ്റുഡിയോയുടെ ചുമതല ഏറ്റെടുത്തതോടെ ഇളയരാജയോട് മുറി ഒഴിയണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

1970കളുടെ അവസാനമാണു പ്രസാദ് സ്റ്റുഡിയോയിലെ ഒന്നാം നമ്പർ റെക്കോർഡിങ് തിയറ്ററും ഇളയരാജയും തമ്മിലുള്ള ബന്ധം ആരംഭിക്കുന്നത്. പ്രസാദ് സ്റ്റുഡിയോ സ്ഥാപകൻ എൽ.വി.പ്രസാദും ഇളയരാജയും തമ്മിലുള്ള ആത്മബന്ധത്തിൽ ഇളയരാജ റെക്കോർഡിങ് തിയറ്റർ എന്നറിയപ്പെടുന്നതിലേക്കു പ്രസാദ് സ്റ്റുഡിയോ വളരുകയായിരുന്നു.

എന്നാൽ പ്രസാദിന്റെ പേരമകൻ സായ് ചുമതല ഏറ്റെടുത്തതോടെ ഇളയരാജയ്ക്കു പ്രവേശനാനുമതി നിഷേധിക്കുന്നിടത്തുവരെ കാര്യങ്ങളെത്തി. 30 വര്‍ഷത്തിലേറെയായി ഉപയോഗിച്ചിരുന്ന സ്റ്റുഡിയോയില്‍നിന്ന് തന്നെ പുറത്താക്കുന്നതിനെ എതിര്‍ത്തും അവിടെ ഒരു ദിവസം ധ്യാനം ചെയ്യാന്‍ അനുമതി തേടിയും ഇളയരാജ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.

തങ്ങള്‍ക്കെതിക്കെതിരായ കേസുകള്‍ പിന്‍വലിക്കാമെങ്കില്‍ സ്റ്റുഡിയോയില്‍ പ്രവേശിക്കാമെന്ന് പ്രസാദ് സ്റ്റുഡിയോ ഉടമകള്‍ നിലപാടെടുത്തതോടെ ഇളയരാജ കേസുകള്‍ പിന്‍വലിക്കാമെന്ന് കോടതിയില്‍ സമ്മതിച്ചു. അങ്ങനെയാണ്, ഇന്നലെ അതിനായി സമയം അനുവദിച്ചത്. എന്നാൽ, പത്മവിഭൂഷൺ പദവി ഉൾപ്പെടെ ഇളയരാജയുടെ പുരസ്കാരങ്ങളും വിലമതിക്കാനാവാത്ത വസ്തുക്കളും തറയിൽ അലക്ഷ്യമായിവച്ച നിലയിലായിരുന്നുവെന്നു അഭിഭാഷകൻ പറഞ്ഞു. റെറെക്കോർഡിങ് തിയറ്റർ പൊളിച്ചു നീക്കിയ നിലയിലാണ്. ഇതു കാണാനുള്ള ശക്തിയില്ലാത്തതിനാലാണു ഇളയരാജ സന്ദർശനം വേണ്ടെന്നുവച്ചതെന്നു അഭിഭാഷകൻ അറിയിച്ചു.