രാജ്യം ഇന്ന് എഴുപതാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു

0

രാജ്യം ഇന്ന് എഴുപതാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു. ആഘോഷത്തിന്റെ ഭാഗമായി വൈവിധ്യമാര്‍ന്ന പരിപാടികളാണ് കേന്ദ്രസര്‍ക്കാര്‍ ആസൂത്രണം ചെയ്തിട്ടുള്ളത്. രാവിലെ 7.30ന് ചെങ്കോട്ടയില്‍ പ്രധാനമന്ത്രി ദേശീയപതാകയുയര്‍ത്തിയതോടെയാണ് ആഘോഷങ്ങള്‍ക്ക് ഔദ്യോഗിക തുടക്കമായത്.

ചടങ്ങിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്ഘട്ടിലെത്തി രാഷ്ട്രപിതാവിന്റെ സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്ന് ചെങ്കോട്ടയില്‍ എത്തിയ പ്രധാനമന്ത്രി ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചു. അതീവ സുരക്ഷയിലാണ് സ്വാതന്ത്ര്യദിനാഘോഷ പരിപാടികള്‍ നടക്കുന്നത്.

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് നിരവധി പരിപാടികളാണ് സര്‍ക്കാര്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. സ്വാതന്ത്ര സമര സേനാനി ചന്ദ്രശേഖര്‍ ആസാദിന്റെ ജന്മനാട്ടില്‍ ഓഗസ്റ്റ് 9-ന് പ്രധാനമന്ത്രി തിരംഗ യാത്ര ഉദ്ഘാടനം ചെയ്തിരുന്നു. വനിതാ കേന്ദ്രമന്ത്രിമാര്‍ അതിര്‍ത്തി പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് സൈനികര്‍ക്ക് രാഖി കെട്ടും. സാംസ്‌കാരിക മന്ത്രാലയത്തിന്റെ കീഴില്‍ ഒരാഴ്ച നീണ്ടു നില്‍ക്കുന്ന ഭാരത് പര്‍വും കേന്ദ്രം സംഘടിപ്പിച്ചിട്ടുണ്ട്. അതേ സമയം ഇസ്‌ലാമിക് സ്‌റ്റേറ്റ് അടക്കമുള്ള ഭീകരവാദ സംഘടനങ്ങള്‍ അയല്‍രാജ്യങ്ങളിലടക്കം ഭീകരാക്രമണം നടത്തിയതും വാഗാ അതിര്‍ത്തിയില്‍ ഭീകരാക്രമണം ഉണ്ടായേക്കാന്‍ സാധ്യതയുണ്ടെന്നുള്ള പാകിസ്ഥാന്റെ മുന്നറിയിപ്പും പരിഗണിച്ച് കനത്ത സുരക്ഷയാണ് സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് രാജ്യത്ത് ഒരുക്കിയിരിക്കുന്നത്.

കേരളത്തില്‍ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ രാവിലെ 8.30-ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ദേശീയ പതാക ഉയര്‍ത്തുന്നതോടെ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികള്‍ക്ക് തുടക്കമാവും. കര്‍ശനമായ സുരക്ഷ വലയത്തിലാണ് സംസ്ഥാനത്ത് സ്വാതന്ത്ര ദിനാഘോഷം നടക്കുക. 14 ജില്ലകളിലും മന്ത്രിമാര്‍ സ്വാതന്ത്രദിനാഘോഷ ചടങ്ങുകളില്‍ പങ്കെടുക്കും.