ഓസ്ട്രേലിയ പുറത്ത്; ഇന്ത്യയും അഫ്ഗാനും സെമിയിൽ

0

കിങ്സ്‌ടൗൺ: ട്വന്‍റി20 ലോകകപ്പിലെ അവസാന സൂപ്പർ 8 മത്സരങ്ങളിൽ ഇന്ത്യ ഓസ്ട്രേലിയയെയും അഫ്ഗാനിസ്ഥാൻ ബംഗ്ലാദേശിനെയും തോൽപ്പിച്ചതോടെ സെമി ഫൈനൽ ലൈനപ്പ് പൂർണമായി. രണ്ടു സെമി ഫൈനൽ മത്സരങ്ങളും വ്യാഴാഴ്ച നടക്കും. ഇന്ത്യൻ സമയം രാവിലെ ആറിന് അഫ്ഗാനിസ്ഥാൻ ദക്ഷിണാഫ്രിക്കയെ നേരിടും. വൈകിട്ട് എട്ടിന് ആരംഭിക്കുന്ന മത്സരത്തിൽ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളികൾ.

ഓസ്ട്രേലിയയെ 24 റൺസിനു തോൽപ്പിച്ചതോടെ മൂന്നു ജയങ്ങളുമായി ഇന്ത്യ അനായാസം സെമി ഫൈനൽ ഉറപ്പാക്കുകയായിരുന്നു. അഫ്ഗാനിസ്ഥാനെയും ബംഗ്ലാദേശിനെയുമാണ് സൂപ്പർ എയ്റ്റിലെ മുൻ മത്സരങ്ങളിൽ ഇന്ത്യ പരാജയപ്പെടുത്തിയത്.

ഇതോടെ ഓസ്ട്രേലിയയുടെ സെമി പ്രവേശനം അഫ്ഗാനിസ്ഥാൻ – ബംഗ്ലാദേശ് മത്സരഫലത്തെ ആശ്രയിച്ചായി. പലവട്ടം മഴ തടസപ്പെടുത്തിയ മത്സരത്തിൽ ഡക്ക്‌വർത്ത് ലൂയിസ് നിയമപ്രകാരം എട്ട് റൺസ് വിജയമാണ് അഫ്ഗാനിസ്ഥാൻ നേടിയത്. ഏതു ഫോർമാറ്റിലെയും സീനിയർ ലോകകപ്പിൽ അഫ്ഗാനിസ്ഥാൻ സെമി ഫൈനലിൽ കടക്കുന്നത് ഇതാദ്യമാണ്.

ഈ ലോകകപ്പിൽ ആദ്യമായി ‘ഐപിഎൽ’ ഇന്നിങ്സ് കളിച്ച രോഹിത് ശർമ ഏറെക്കുറെ ഒറ്റയ്ക്കാണ് ഇന്ത്യയെ സെമി ഫൈനലിലെത്തിച്ചതെന്നു പറയാം. ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്ത ഇന്ത്യക്ക് രണ്ടാം ഓവറിൽ വിരാട് കോലിയുടെ (0) വിക്കറ്റ് നഷ്ടമായി. എന്നാൽ, അഞ്ചോവർ പൂർത്തിയാകുമ്പോൾ ഇന്ത്യയുടെ സ്കോർ ബോർഡിൽ 52 റൺസുണ്ടായിരുന്നു. അതിൽ 50 റൺസും നേടിയത് രോഹിത് ശർമ. 19 പന്തിലാണ് ഇന്ത്യൻ ക്യാപ്റ്റൻ അർധ സെഞ്ചുറി തികച്ചത്. മിച്ചൽ സ്റ്റാർക്കിന്‍റെ ഒറ്റ ഓവറിൽ നേടിയ 29 റൺസും ഇതിൽ ഉൾപ്പെടുന്നു. മാർക്കസ് സ്റ്റോയ്നിസിന്‍റെ ഓവറിൽ നേടിയ സിക്സറുകൾ രോഹിതിന്‍റെ ക്ലാസ് പ്രകടമാക്കുന്ന ഷോട്ടുകളായിരുന്നു.

41 പന്തിൽ ഏഴ് ഫോറും എട്ട് സിക്സും സഹിതം 92 റൺസെടുത്ത രോഹിത് പന്ത്രണ്ടാം ഓവറിലാണ് പുറത്തായത്. പിന്നീട് വന്ന ഇന്ത്യൻ ബാറ്റർമാർ ആരും വലിയ ഇന്നിങ്സ് കളിച്ചില്ലെങ്കിലും ചെറിയ സംഭാവനകളിലൂടെ സ്കോർ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 205 വരെയെത്തിച്ചു.

സൂര്യകുമാർ യാദവിന്‍റേതാണ് (16 പന്തിൽ 31) ഇന്ത്യൻ ഇന്നിങ്സിലെ രണ്ടാമത്തെ ഉയർന്ന സ്കോർ. ശിവം ദുബെ 22 പന്തിൽ 28 റൺസും ഹാർദിക് പാണ്ഡ്യ 17 പന്തിൽ 27 റൺസും നേടി.