ഇന്ത്യ-ഓസ്ട്രേലിയ ഉച്ചകോടി ഇന്ന്; ഓസ്ട്രേലിയ ഇന്ത്യയില്‍ 1500 കോടിയുടെ നിക്ഷേപം നടത്തും

0

ഡൽഹി: ഇന്ത്യ – ഓസ്ട്രേലിയ ഉച്ചകോടി ഇന്ന് നടക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയും ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്കോട്ട് മോറിസണും തമ്മില്‍ ഓണ്‍ലൈനായാണ് ചർച്ച നടത്തുക. വിവിധ മേഖലകളിലായി ഓസ്ട്രേലിയ ഇന്ത്യയില്‍ 1500 കോടിയുടെ നിക്ഷേപം നടത്തും.

ഇന്ത്യയില്‍ ഓസ്ട്രേലിയ നടത്തുന്ന ഏറ്റവും വലിയ നിക്ഷേപമാണിത്. കല്‍ക്കരി, ലിഥിയം തുടങ്ങിയവ ഓസ്ട്രേലിയയില്‍ നിന്ന് ലഭ്യമാക്കാനുള്ള ധാരണപത്രത്തിലും ഇരും രാജ്യങ്ങളും ഒപ്പിടും. കാര്‍ഷികം, വിദ്യാഭ്യാസം, സാങ്കേതികവിദ്യ അടക്കമുള്ള മേഖലകളില്‍ സഹകരിക്കാനുള്ള പ്രഖ്യാപനവും ഉച്ചകോടിയില്‍ ഉണ്ടാകും.

അതേസമയം അടുത്ത 5 വർഷം കൊണ്ട് ജപ്പാൻ ഇന്ത്യയിൽ 3.20 ലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു. ന്യൂഡൽഹിയിൽ ജാപ്പനീസ് പ്രധാനമന്ത്രി ഫ്യുമിയോ കിഷിദയുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇന്ത്യയിലെത്തുന്ന ജാപ്പനീസ് കമ്പനികൾക്ക് എല്ലാ സഹായവും ഉറപ്പാക്കും. ആഗോളതലത്തിൽ ഒരുമിച്ചുള്ള പ്രവർത്തനം ശക്തമാക്കും. ബുള്ളറ്റ് ട്രെയിനുകളുടെ കാര്യത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ നിക്ഷേപകർ ജപ്പാനാണെന്ന് കിഷിദയും പറഞ്ഞിരുന്നു.