മലേഷ്യയ്ക്ക് തിരിച്ചടി; സംസ്കരിച്ച പാമോയിലിന് ഇറക്കുമതിനിയന്ത്രണം ഏര്‍പ്പെടുത്തി ഇന്ത്യ

0

ന്യൂഡല്‍ഹി: സംസ്കരിച്ച പാമോയിലിന് ഇന്ത്യ ഇറക്കുമതിനിയന്ത്രണം ഏര്‍പ്പെടുത്തി. പാമോയില്‍ ഉത്പാദകരാജ്യമായ മലേഷ്യയെ ലക്ഷ്യമിട്ടുള്ള നടപടിയാണിതെന്നാണു സൂചന. കേന്ദ്ര വാണിജ്യമന്ത്രാലയമാണ് ഇതുസംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയത്.

ജമ്മുകശ്മീര്‍, പൗരത്വനിയമം എന്നീ വിഷയങ്ങളില്‍ ഇന്ത്യയുടെ നിലപാടുകളെ വിമര്‍ശിച്ച മലേഷ്യക്കുള്ള മറുപടിയാണ് തീരുമാനമെന്ന വ്യാഖ്യാനം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ഏതെങ്കിലും രാജ്യത്തെ ഉദ്ദേശിച്ചുള്ള തീരുമാനമല്ല, പൊതുനയമാണ് കൈക്കൊണ്ടതെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.

ഇന്ത്യയിലേക്ക് സംസ്കരിച്ച പാമോയിലും പാമോലിനും ഇറക്കുമതിചെയ്യുന്ന പ്രധാന രാജ്യങ്ങളിലൊന്ന് മലേഷ്യയാണ്.അതുകൊണ്ടുതന്നെ ഈ പുതിയ തീരുമാനം മലേഷ്യക്കു വൻ തിരിച്ചടി തന്നെയാണ്. നിലവില്‍, സ്വതന്ത്രമായ ഇറക്കുമതിയുടെ വിഭാഗത്തിലാണ് പാമോയിലിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

എന്നാല്‍, പുതിയ ഉത്തരവുപ്രകാരം നിയന്ത്രിതവിഭാഗത്തിലേക്ക് പാമോയിലിനെ മാറ്റിയിരിക്കുകയാണ്. നിയന്ത്രണമാണെങ്കിലും ഫലത്തില്‍ സംസ്കരിച്ച പാമോയിലിന്റെ ഇറക്കുമതി നിരോധിക്കുന്നതിനു തുല്യമാണെന്നു വ്യവസായികള്‍ ചൂണ്ടിക്കാട്ടുന്നു. ഇതോടെ, അസംസ്കൃത പാമോയിലിന്റെ ഇറക്കുമതി നിരോധിക്കുന്നതിനു തുല്യമാണെന്നു വ്യവസായികള്‍ ചൂണ്ടിക്കാട്ടുന്നു. ഇതോടെ, അസംസ്കൃത പാമോയില്‍ ഇറക്കുമതിക്കായിരിക്കും മുന്‍ഗണന.

സ്വതന്ത്രം, നിയന്ത്രിതം, നിരോധിക്കപ്പെട്ടത് എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായാണ് ഇറക്കുമതിയിനങ്ങളെ ഉള്‍പ്പെടുത്താറ്. നിലവില്‍ സ്വതന്ത്രവിഭാഗത്തിലുള്ള പാമോയിലിനെ നിയന്ത്രിതവിഭാഗത്തിലേക്കു മാറ്റിയാണ് വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നതെന്ന് വിദേശകാര്യവക്താവ് രവീഷ് കുമാര്‍ പറഞ്ഞു.