കോവിഡ് ഭീതിയിൽ വിറങ്ങലിച്ച് രാജ്യം: 24 മണിക്കൂറിൽ 3.32 ലക്ഷം പുതിയ കോവിഡ് രോഗികൾ; 2263 മരണം

0

ന്യൂഡല്‍ഹി: ഭീതിയുയര്‍ത്തി രാജ്യത്ത കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 3,32,730 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് മഹാമാരി ആരംഭിച്ചതിനു ശേഷം ലോകത്ത് ഒരു രാജ്യത്തുണ്ടാകുന്ന ഏറ്റവും കൂടിയ പ്രതിദിന രോഗബാധയാണിത്. തുടര്‍ച്ചയായി രണ്ടാം ദിവസമാണ് രാജ്യത്തെ കോവിഡ് കേസുകള്‍ മൂന്ന് ലക്ഷം പിന്നിടുന്നത്. കോവിഡ് ബാധിച്ച് കഴിഞ്ഞ ദിവസം 2,263 പേര്‍ മരിച്ചതായും മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന മരണനിരക്കാണിത്.

ഇതുവരെ 1,62,63, 695 കൊവിഡ് കേസുകളാണ് ആകെ രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതിനകം 1,86,920 പേരാണ് രോ​ഗം ബാധിച്ച് മരിച്ചത്. ഏപ്രിൽ 4ന് പ്രതിദിന കൊവിഡ് കണക്ക് ഒരു ലക്ഷമായിരുന്നു. അതാണ് ഇപ്പോൾ 3.3 ലക്ഷമായി ഉയർന്നിരിക്കുന്നത്. ആദ്യ കൊവിഡ് തരം​ഗത്തിലാകട്ടെ ഏറ്റവും ഉയർന്ന പ്രതിദിന കൊവിഡ് കണക്ക് 98,000 ആയിരുന്നു.

നിലവില്‍ ഇന്ത്യയില്‍ 24,28,616 സജീവ രോഗികളുണ്ട്. രോഗമുക്തരായവരുടെ എണ്ണം 1,36,48,159 ആണ്. കഴിഞ്ഞ ദിവസം രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,14,835 ആയിരുന്നു. 13,54,78,420 പേര്‍ ഇതുവരെ വാക്‌സിനേഷന്‍ സ്വീകരിച്ചു.