ഇനി ഇന്ത്യയ്ക്കും യുഎഇക്കും സ്വന്തം കറൻസിയിൽ ഇടപാട്; പുതിയ കരാര്‍

1

ഇനി ഇന്ത്യയ്ക്കും യുഎഇക്കും സ്വന്തം കറൻസിയിൽ ഇടപാട് നടത്താം. സ്വന്തം കറൻസിയിൽ ഇടപാട് നടത്താവുന്ന സ്വാപ് കരാർ ഉൾപെടെ രണ്ടു സുപ്രധാന ധാരണാപത്രത്തിൽ ഇരുരാജ്യങ്ങളും ഒപ്പുവച്ചു. ഇതനുസരിച്ച് ഇന്ത്യക്കും യുഎഇക്കും രൂപയിലും ദിർഹത്തിലും വിനിമയം നടത്താനാവും.

ഇന്ത്യ-യുഎഇ ജോയിന്‍റ് കമ്മിറ്റി യോഗത്തിനെത്തിയ കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജും യുഎഇ വിദേശകാര്യമന്ത്രി ഷെയ്ഖ് അബ്ദുള്ള ബിൻ സായിദ് അൽ നഹ്യാനും ഇതുസംബന്ധിച്ച ധാരണാപത്രം കൈമാറി. ഊർജം, നിക്ഷേപം, ബഹിരാകാശം,  വ്യാപാരം, സുരക്ഷ, പ്രതിരോധം തുടങ്ങിയ മേഖലകളിൽ സഹകരണം വർധിപ്പിക്കാനും ധാരണയായിട്ടുണ്ട്. 
ഡോളർ ഉൾപെടെ മറ്റൊരു കറൻസിയുടെ മധ്യസ്ഥമില്ലാതെ രൂപയിലും ദിർഹത്തിലും ഇറക്കുമതിയും കയറ്റുമതിയും സാധ്യമാക്കുന്നതാണ് കറൻസി സ്വാപ് കരാർ. അതുകൊണ്ടുതന്നെ വിവിധ സമയങ്ങളിൽ ഡോളറിന്‍റെ ഉയർച്ചയും താഴ്ചയും ഇന്ത്യയും യുഎഇയും തമ്മിലുള്ള വിനിമയത്തെ ബാധിക്കില്ലെന്നതാണ് നേട്ടം.