ചരിത്ര നിമിഷം: ഒളിമ്പിക്‌സ് പുരുഷ ഹോക്കിയില്‍ ഇന്ത്യക്ക് വെങ്കലം

0

നാലു പതിറ്റാണ്ടിനുശേഷം ഇന്ത്യൻ ഹോക്കി വീണ്ടും ഒളിമ്പിക് മെഡലണിഞ്ഞിരിക്കുന്ന അഭിമാന പൂരിതമായ ഒരു നിമിഷത്തിനാണ് കാലം സാക്ഷിയായിരിക്കുന്നത്. നാലിനെതിരെ അഞ്ച് ഗോളുകള്‍ക്ക് ശക്തരായ ജർമനിയെ നിലംപരിശാക്കികൊണ്ടാണ് ഇന്ത്യൻ പുരുഷ ടീം അഭിമാന വെങ്കലം സ്വന്തമാക്കിയിരിക്കുന്നത്.

ഒരു ഘട്ടത്തിൽ 3–1ന് പിന്നിലായിരുന്ന ഇന്ത്യ, ഐതിഹാസികമായ തിരിച്ചുവരവിലൂടെയാണ് മത്സരവും മെഡലും സ്വന്തമാക്കിയത്. സിമ്രൻജീത് സിങ്ങിന്റെ ഇരട്ടഗോളുകളുടെ മികവിലാണ് ഇന്ത്യയുടെ വിജയം. 17, 34 മിനിറ്റുകളിലാണ് സിമ്രൻജീത് ഇന്ത്യയെ ലക്ഷ്യസ്ഥാനത്തെത്തിച്ചത്. മലയാളി ഗോളി പി ആര്‍ ശ്രീജേഷിന്‍റെ മിന്നും സേവുകള്‍ ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായകമായി. അവസാന സെക്കൻഡിൽ ജർമനിക്ക് ഒരു പെനാൽറ്റി കോർണർ ലഭിച്ചെങ്കിലും ഇന്ത്യൻ കീപ്പർ പി. ആർ. ശ്രീജേഷ് അത് അത്ഭുതകരമായി രക്ഷപ്പെടുത്തി.

ആദ്യ ക്വാര്‍ട്ടറില്‍ തിമൂറിലൂടെ ജര്‍മനി ലീഡെടുത്തിരുന്നു. എന്നാല്‍ രണ്ടാം ക്വാര്‍ട്ടറിന്‍റെ തുടക്കത്തില്‍ സിമ്രന്‍ജീത് ഇന്ത്യയെ ഒപ്പമെത്തിച്ചു. വൈകാതെ വില്ലെന്‍ ജര്‍മനിക്ക് വീണ്ടും മുന്‍തൂക്കം നല്‍കി. പിന്നാലെ ഫര്‍ക്കിലൂടെ ജര്‍മനി 3-1ന്‍റെ വ്യക്തമായ ആധിപത്യം നേടുകയും ചെയ്തു. എന്നാല്‍ ഇതിന് ശേഷം ഇരട്ട ഗോളുമായി തിരിച്ചെത്തുന്ന ഇന്ത്യയെയാണ് ടോക്കിയോയില്‍ കണ്ടത്. റീബൗണ്ടില്‍ നിന്ന് ഹര്‍ദിക് മത്സരത്തില്‍ ഇന്ത്യയുടെ രണ്ടാം ഗോള്‍ നേടിയപ്പോള്‍ ഹര്‍മന്‍പ്രീതാണ് മൂന്നാം ഗോളുമായി ഇന്ത്യയെ ഒപ്പമെത്തിച്ചു. ഇതോടെ സ്‌കോര്‍ 3-3. ടൂര്‍ണമെന്‍റില്‍ ഹര്‍മന്‍പ്രീതിന്‍റെ ആറാം ഗോള്‍ കൂടിയാണിത്. മൂന്നാം ക്വാര്‍ട്ടറിലും ഇന്ത്യ അതിശക്തമായ തിരിച്ചുവരവ് തുടര്‍ന്നതോടെ ഗോള്‍മഴയായി. രൂപീന്ദറും സിമ്രന്‍ജിതും ലക്ഷ്യം കണ്ടപ്പോള്‍ ഇന്ത്യ 5-3ന്‍റെ ലീഡ് കയ്യടക്കി.

അവസാന ക്വാര്‍ട്ടറില്‍ തുടക്കത്തിലെ ഗോള്‍ മടക്കി ജര്‍മനി ഒരുവേള ഇന്ത്യയെ പ്രതിരോധത്തിലാക്കി. എന്നാല്‍ ശ്രീജേഷ് കീഴടങ്ങാന്‍ കൂട്ടാക്കാതിരുന്നതോടെ ഇന്ത്യ കാത്തിരുന്ന ജയം സ്വന്തമാക്കുകയായിരുന്നു. അവസാന സെക്കന്‍ഡില്‍ അപകടം മണത്ത പെനാല്‍റ്റി കോര്‍ണര്‍ ശ്രീജേഷ് തടുത്തതോടെ ഇന്ത്യ ലോക ഹോക്കിയില്‍ ഐതിഹാസിക തിരിച്ചുവരവ് അടയാളപ്പെടുത്തി. 1980 മോസ്‌ക്കോ ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടിയശേഷം ഇതാദ്യമായാണ് ഇന്ത്യ ഒളിമ്പിക്‌സില്‍ ഒരു മെഡല്‍ നേടുന്നത്. ഒളിമ്പിക്‌സിന്റെ ചരിത്രത്തിലെ ഇന്ത്യയുടെ മൂന്നാം വെങ്കലമാണിത്. ഇതുവരെയായി എട്ട് സ്വര്‍ണവും ഒരു വെള്ളിയും മൂന്ന് വെങ്കലവുമാണ് ഇന്ത്യയുടെ അഭിമാനനേട്ടങ്ങൾ.