ശ്രീലങ്കൻ സ്ഫോടനം; കേരളം ഉൾപ്പെടെയുള്ള തീരദേശങ്ങൾ അതീവ ജാഗ്രതയിൽ

1

തിരുവനന്തപുരം: ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിലെ പള്ളികളിലും പഞ്ചനക്ഷത്ര ഹോട്ടലുകളിലുമായുണ്ടായ സ്ഫോടന പരമ്പരയുടെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ കേരളമുൾപ്പടെയുള്ള തീരദേശങ്ങളിൽ തീരസംരക്ഷണ സേന സുരക്ഷ ശക്തമാക്കി. ശ്രീലങ്കയിൽ സ്ഫോടനം നടത്തിയവർ കടലിലൂടെ രക്ഷപ്പെടാനും ഇന്ത്യയിലേക്കു കടക്കാനും സാധ്യതയുണ്ടെന്ന് മനസ്സിലാക്കിയാണ് കേരളമുൾപ്പടെയുള്ള തീരദേശ പ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.

സംശയകരമായ രീതിയിൽ സമുദ്രാതിർത്തിയിലൂടെ സഞ്ചരിക്കുന്ന ബോട്ടുകൾ കണ്ടെത്താൻ കൂടുതലായി കപ്പലുകളും ഡോർണിയർ വിമാനങ്ങളും വിന്യസിച്ചതായി വാർത്താഏജൻസി എഎൻഐ അറിയിച്ചു.

ശ്രീലങ്കയിലുണ്ടായ സ്ഫോടന പരമ്പരയിൽ 200ലധികം പേരാണ് കൊല്ലപ്പെട്ടത്. ഭീകരാക്രമണം സംബന്ധിച്ച് ഇന്ത്യ മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും ജാഗ്രത പുലര്‍ത്തുന്നതില്‍ പരാജയപ്പെട്ടെന്ന് ശ്രീലങ്കൻ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ പറഞ്ഞു. തിങ്കളാഴ്ച അർദ്ധരാത്രി മുതൽ ശ്രീലങ്കയിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.നാഷനല്‍ തൗഫീത്ത് ജമാത്ത് എന്ന സംഘടനയാണ് സ്ഫോടനം നടത്തിയതെന്ന് ശ്രീലങ്ക സ്ഥിരീകരിച്ചു.