കുവൈത്തില്‍ റേഷന്‍ ഭക്ഷ്യ വസ്‍തുക്കള്‍ മറിച്ചുവിറ്റ ഇന്ത്യക്കാരന്‍ അറസ്റ്റില്‍

1

കുവൈത്ത് സിറ്റി: കുവൈത്ത് സര്‍ക്കാര്‍ സ്വദേശികള്‍ക്ക് നല്‍കുന്ന റേഷന്‍ ഭക്ഷ്യ വസ്‍തുക്കള്‍ നിയമവിരുദ്ധമായി വില്‍പന നടത്തിയ ഇന്ത്യക്കാരന്‍ അറസ്റ്റില്‍. ആഭ്യന്തര മന്ത്രാലയത്തിന് ലഭിച്ച പരാതിക്ക് പിന്നാലെ അധികൃതര്‍ നടത്തിയ അന്വേഷണത്തിനൊടുവിലായിരുന്നു അറസ്റ്റ്. ഹവല്ലിയില്‍ നിന്നാണ് ഇന്ത്യക്കാരന്‍ പിടിയിലായതെന്ന് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ഹവല്ലി ഏരിയയില്‍ ഒരു കടയിലൂടെ റേഷന്‍ സാധനങ്ങള്‍ വില്‍ക്കുന്നുണ്ടെന്ന വിവരം ഒരു സ്വദേശിയാണ് അധികൃതരെ അറിയിച്ചത്. ഉടന്‍ തന്നെ മന്ത്രാലയത്തില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. പാല്, അരി, പഞ്ചസാര, എണ്ണ എന്നിങ്ങനെയുള്ള റേഷന്‍ സാധനങ്ങളാണ് ഇവിടെയുണ്ടായിരുന്നത്. കട നടത്തിയിരുന്നയാളുടെ രേഖകള്‍ പരിശോധനിച്ചപ്പോള്‍ ഇന്ത്യക്കാരനാണെന്ന് കണ്ടെത്തുകയായിരുന്നു. തൊഴില്‍ നിയമം ലംഘിച്ചാണ് ഇയാള്‍ ജോലി ചെയ്യുന്നതെന്നും ഉദ്യോഗസ്ഥരുടെ പരിശോധനയില്‍ വ്യക്തമായി. ഇയാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പ്രതിയെ നാടുകടത്തുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.