ചരിത്രം നിമിഷം; ഇന്ത്യൻ വനിതകൾ ഹോക്കി സെമിയിൽ

0

ടോക്കിയോ∙ ഒളിംപിക് ഹോക്കിയിൽ പുതു ചരിത്രമെഴുതി ഇന്ത്യൻ വനിതാ ടീം സെമി ഫൈനലിൽ. ഇതാദ്യമായാണ് ഇന്ത്യന്‍ വനിതകള്‍ ഒളിമ്പിക്‌സിന്റെ സെമിയില്‍ പ്രവേശിക്കുന്നത്. ക്വാര്‍ട്ടറില്‍ ലോക രണ്ടാം നമ്പറുകാരായ ഓസ്‌ട്രേലിയയെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പിച്ചാണ് ഇന്ത്യ ഈ അഭിമാന നേട്ടം കുറിച്ചത്. 22–ാം മിനിറ്റിൽ ഗുർജിത് കൗറാണ് ഇന്ത്യയുടെ വിജയഗോൾ നേടിയത്. ടോക്കിയോ ഒളിംപിക്സിൽ ഗുർജീതിന്റെ ആദ്യ ഗോൾ കൂടിയാണിത്.

മത്സരത്തിൽ ഇന്ത്യയ്ക്ക് ലഭിച്ച ഒരേയൊരു പെനൽറ്റി കോർണറിൽനിന്നാണ് ഗുർജീത് കൗർ ലക്ഷ്യം കണ്ടത്. ഈ ലീഡ് അവസാന വരെ കരുത്തുറ്റ പ്രതിരോധം കൊണ്ട് കാത്തുസൂക്ഷിക്കുകയായിരുന്നു ഇന്ത്യ. ഗോള്‍കീപ്പര്‍ സവിതയുടെ അസാമാന്യ പ്രകടനമാണ് ഇന്ത്യയുടെ കോട്ട കാത്തത്.

മറുവശത്ത് ഓസ്ട്രേലിയയ്ക്ക് അഞ്ചിലധികം പെനൽറ്റി കോർണറുകൾ ലഭിച്ചെങ്കിലും ഇന്ത്യൻ പ്രതിരോധം ഭേദിക്കാനായില്ല. അവസാന മിനിറ്റുകളിൽ ഓസ്ട്രേലിയ കടുത്ത രീതിയിൽ സമനില ഗോളിനായി സമ്മർദ്ദം ചെലുത്തിയെങ്കിലും തുടർച്ചയായി പെനൽറ്റി കോർണറുകൾ വഴങ്ങി ഇന്ത്യൻ പ്രതിരോധം പിടിച്ചുനിന്നു.

ഇന്ത്യന്‍ വനിതാ ഹോക്കി ടീമിന്റെ ചരിത്രത്തിലെ ഇതുവരെയുള്ള ഏറ്റവും വലിയ നേട്ടമാണിത്. 1980 മോസ്‌ക്കോ ഒളിമ്പിക്‌സില്‍ ഇന്ത്യ നാലാം സ്ഥാനത്തെത്തിയിരുന്നു. എന്നാല്‍, അന്ന് സെമിഫൈനല്‍ ഉണ്ടായിരുന്നില്ല. ആകെ ആറ് ടീമുകളായിരുന്നു മത്സരിച്ചിരുന്നത്. പന്ത്രണ്ട് ടീമുകൾ മത്സരിച്ച 2016 റിയോ ഒളിമ്പിക്‌സില്‍ പന്ത്രണ്ടാം സ്ഥാനക്കാരായിരുന്നു ഇന്ത്യ. ഓഗസ്റ്റ് നാലിന് ബുധനാഴ്ച നടക്കുന്ന സെമിഫൈനലിൽ അർജന്റീനയാണ് ഇന്ത്യയുടെ എതിരാളി.