ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് കേരളത്തിലേക്ക് 97 സര്‍വീസുകള്‍ നടത്തുമെന്ന് ഇന്‍ഡിഗോ

0

മുംബൈ: ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് കേരളത്തിലേക്ക് 97 വിമാന സര്‍വീസുകള്‍ നടത്തുമെന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍. സൗദി അറേബ്യ, ഖത്തര്‍, കുവൈത്ത്, ഒമാന്‍ എന്നിവിടങ്ങളില്‍ നിന്ന് കേരളത്തിലേക്ക് സര്‍വീസ് നടത്തുന്നതിന് അനുമതി ലഭിച്ചതായി ഇന്‍ഡിഗോ അറിയിച്ചു. സ്വകാര്യ കമ്പനികള്‍ക്ക് അനുവദിച്ച 180 ഓളം സര്‍വീസുകളില്‍ പകുതിയോളം തങ്ങള്‍ക്കനുവദിച്ചതായും കമ്പനി പ്രസ്താവനയിലൂടെ അറിയിച്ചു.

വിദേശത്തുള്ള ഇന്ത്യക്കാരെ കൊണ്ടുവരുന്നതിനുള്ള വന്ദേഭാരത് പദ്ധതിയില്‍ സ്വകാര്യ വിമാന കമ്പനികളേയും ഉള്‍പ്പെടുത്തുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി ഇന്ന് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇന്‍ഡിഗോ ഗള്‍ഫ് സര്‍വീസ് നടത്തുമെന്ന് അറിയിച്ചിരിക്കുന്നത്.

വന്ദേഭാരത് പദ്ധതിയില്‍ നിലവില്‍ എയര്‍ഇന്ത്യ മാത്രമാണ് സര്‍വീസ് നടത്തുന്നത്. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള ഇന്ത്യക്കാരെ കൊണ്ടുവരുന്നതിനായി സൗദി അറേബ്യയില്‍ നിന്ന് 36, ഖത്തറില്‍ നിന്ന് 28, കുവൈത്തില്‍ നിന്ന് 23, ഒമാനില്‍ നിന്ന് 10 എന്നിങ്ങനെയാണ് ഇന്‍ഡിഗോ സര്‍വീസ് നടത്തുക.