ബംഗ്ലാദേശിലെ ഷെയ്‌ഖ് ഹസീനയുടെ പാർട്ടി നേതാവിൻ്റെ അഴുകിയ മൃതദേഹം മേഘാലയയിൽ കണ്ടെത്തി

0

ബംഗ്ലാദേശിലെ മുൻ ഭരണകക്ഷി അവാമി ലീഗിൻ്റെ നേതാവ് ഇഷാഖ് അലി ഖാൻ പന്നയെ മേഘാലയയിൽ മരിച്ച നിലയിൽ കണ്ടെത്തി. അഴുകിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ബംഗ്ലാദേശ് അതിർത്തി ജില്ലയായ ജയന്തിയ ഹിൽസ് ജില്ലയിലെ ഒരു പ്ലാൻ്റേഷനിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ നിന്ന് ഒന്നര കിലോമീറ്റർ ദൂരെയുള്ളതാണ് മൃതദേഹം കണ്ടെത്തിയ സ്ഥലം. ഓഗസ്റ്റ് 26 നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിൽ കണ്ടെത്തിയ പാസ്പോർട്ടിൽ നിന്നാണ് മരിച്ചത് ഇഷാഖ് അലി ഖാൻ പന്നയാണെന്ന് തിരിച്ചറി‌ഞ്ഞത്.

ബംഗ്ലാദേശിലെ പിരോജ്‌പുർ ജില്ലയിൽ നിന്നുള്ള അവാമി ലീഗ് നേതാവായിരുന്നു പന്ന. ബംഗ്ലാദേശ് ഛത്ര ലീഗ് മുൻ ജനറൽ സെക്രട്ടറിയായിരുന്നു. ഷെയ്ഖ് ഹസീന സർക്കാരിനെ അധികാരത്തിൽ നിന്ന് പുറത്താക്കിയ ജനകീയ പ്രക്ഷോഭത്തിന് പിന്നാലെ ഇദ്ദേഹത്തെ കാണാതായിരുന്നു.

മൃതദേഹം പ്രദേശത്തെ സർക്കാർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ബംഗ്ലാദേശിൽ നിന്ന് രക്ഷപ്പെടാനായി അതിർത്തി കടന്ന് വന്ന ഇദ്ദേഹം ഹൃദയാഘാതത്തെ തുടർന്ന് മരിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. അതേസമയം ബംഗ്ലാദേശിലെ അതിർത്തി സേനയായ ബോർഡർ ഗാർഡിൻ്റെ വെടിയേറ്റ് കൊല്ലപ്പെട്ടതാണെന്നും അഭ്യൂഹമുണ്ട്. പോസ്റ്റ്മാർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബംഗ്ലാദേശിലുള്ള ബന്ധുക്കൾക്ക് കൈമാറും.