ഡിസൈനര്‍ രാജാവ് ജോണി ഐവ് ആപ്പിളിന്റെ പടിയിറങ്ങുന്നു

0

ടെക്ക് പ്രേമികളുടെ ഹൃദയം കവർന്ന, ഐഫോണ്‍ ഉള്‍പ്പെടെയുള്ള ആപ്പിൾ ഉല്‍പന്നങ്ങള്‍ രൂപകല്‍പന ചെയ്ത് ആപ്പിളിനെ ആപ്പിളാക്കി മാറ്റിയ ഇന്‍ഡസ്ട്രിയല്‍ ഡിസൈനര്‍ ജോണി ഐവ് (ജോനാതന്‍ ഐവ്) ആപ്പിളിന്റെ പടിയിറങ്ങുന്നു. ഐമാക്ക് മുതല്‍ ഐഫോണ്‍ വരെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങളുടെ തലവനായി പ്രവര്‍ത്തിച്ച പ്രധാനപ്പെട്ട ആസൂത്രകനും, ഡിസൈനറുമായ ജോണി ഐവ് പടിയിറങ്ങുന്നുവെന്ന വാര്‍ത്ത ടെക് ലോകത്ത് വലിയ ചർച്ചയ്ക്ക് വഴിയൊരുക്കിയിരിക്കയാണ്.

ആപ്പിളിലെ സീനിയര്‍ എക്‌സിക്യൂട്ടീവായ ജോണി ഐവ് ഈ വര്‍ഷം അവസാനത്തോടെ കമ്പനി വിടുമെന്ന് ആപ്പിള്‍ ഔദ്യോഗികമായ അറിയില്‍പ്പില്‍ വ്യക്തമാക്കി. സ്വന്തമായി ഡിസൈന്‍ കമ്പനി ആരംഭിക്കുന്നതിനാണ് ഐവ് ആപ്പിളില്‍നിന്ന് രാജിവെക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
ലൗഫ്രം’ എന്ന പേരില്‍ ഐവ് ആരംഭിക്കുന്ന പുതിയ ഡിസൈന്‍ കമ്പനി ആപ്പിളിനു വേണ്ടിയും പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ആപ്പിളില്‍ ഐവിനൊപ്പം പ്രവര്‍ത്തിച്ചിരുന്ന മാര്‍ക് ന്യൂസണും കമ്പനിയില്‍നിന്ന് രാജിവെച്ച് പുതിയ സംരംഭത്തിനൊപ്പം ചേരുന്നുണ്ട്. ഡിസൈനിങ് മാത്രമല്ല, മറ്റു നിരവധി മേഖലകള്‍ക്കൂടി ഒരുമിക്കുന്നതായിരിക്കും പുതിയ കമ്പനിയുടെ പ്രവര്‍ത്തനങ്ങളെന്ന് ഐവ് വ്യക്തമാക്കിയിട്ടുണ്ട്.

ബ്രിട്ടിഷുകാരനായ ഐവ് 1992ല്‍ ആണ് ആപ്പിളില്‍ ചേര്‍ന്നത്. ഐപോഡ്, ഐഫോണ്‍, ഐപാഡ്, മാക്ബുക്ക്, തുടങ്ങിയവ കൂടാതെ ഐഒഎസ് സോഫ്റ്റ്‌വെയറിന്റെ വൃത്തിയിലും അദ്ദേഹത്തിനു പങ്കുണ്ട്. അദ്ദേഹത്തെ ജോബ്‌സിന്റെ ‘ആത്മീയ പങ്കാളി’യെന്നാണ് വിശേഷിപ്പിക്കാറ്. ജോബ്‌സിന്റെ ബയോഗ്രഫിയില്‍ അദ്ദേഹം പറയുന്നത് ഉപകരണങ്ങളെ സങ്കല്‍പ്പിച്ചെടുക്കുന്നതില്‍ തന്റെ പങ്കാളിയാണ് ഐവ് എന്നും ജോബ്‌സ് പറഞ്ഞിട്ടുണ്ട്. ജോണിയും താനും ചേര്‍ന്ന് ഉപകരണങ്ങളുടെ സാങ്കല്‍പ്പിക രൂപം തീര്‍ത്ത ശേഷം മറ്റുള്ളവരെ വിളിച്ച് ഇതെങ്ങനെയുണ്ടെന്നു ചോദിക്കുകയായിരുന്നു പതിവെന്നും ജോബ്‌സ് പറഞ്ഞിട്ടുണ്ട്. ആപ്പിളില്‍ തനിക്കൊരു ആത്മീയ പങ്കാളിയുണ്ടെങ്കില്‍ അത് ഐവ് ആണെന്നാണ് സ്റ്റീവ് ജോബ്സ് പറഞ്ഞിട്ടുള്ളത്.

ആപ്പിളിന്റെ ഡിസൈനിങ് ലോകത്ത് തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച് ആപ്പിളിനെ കാണുന്ന ആപ്പിലാക്കിമാറ്റി ലോകത്തെ ഏറ്റവും മൂല്യമുള്ള കമ്പനി എന്ന വിശേഷണത്തിലെത്തിച്ച ഈ ഡിസൈനർ മഹാരാജാവ് പറ്റിയിറങ്ങുമ്പോൾ സംഭവിക്കുന്നത് ഒരു വൻ നഷ്ടമാണ്.നേരത്തെതന്നെ ആപ്പിളിന്റെ ഡിസൈന്‍ വിഭാഗത്തിന്റെ മേധാവി സ്ഥാനത്തുനിന്ന് ഐവ് മാറിയിരുന്നു. 2015ല്‍ കമ്പനിയുടെ പുതിയ കാമ്പസ് ആയ ആപ്പിള്‍ പാര്‍ക്കിന്റെ രൂപകല്‍പനയുമായി ബന്ധപ്പെട്ട ജോലികളിലേയ്ക്ക് അദ്ദേഹം പ്രവേശിച്ചു. അത് പൂര്‍ത്തിയായ ശേഷം 2017ല്‍ അദ്ദേഹം വീണ്ടും കമ്പനി ഉപകരണങ്ങളുടെ രൂപകല്‍പനയിലേയ്ക്ക് തിരികെ വന്നിരുന്നു. ഐവ് കമ്പനി വിടുന്നതായുള്ള റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ ആപ്പിളിന്റെ ഓഹരി വിലയില്‍ 1.74 ശതമാനം ഇടിവുണ്ടായതായാണ് റിപ്പോര്‍ട്ട്.

ഏകദേശം 30 വര്‍ഷത്തെ സേവനത്തിനു ശേഷമാണ് അദ്ദേഹം കമ്പനിയില്‍ നിന്ന് പടിയിറങ്ങുന്നത്. ഇനി ആപ്പിളിന്റെ ഡിസൈന്‍ ടീം ലീഡര്‍മാര്‍ ഇവാന്‍സ് ഹാന്‍കിയും അലന്‍ ഡൈയും ആയിരിക്കും. ഇരുവരും കമ്പനിയുടെ ചീഫ് ഓപ്പറേറ്റിങ് ഓഫിസറായ ജെഫ് വില്ല്യംസിനോടായിരിക്കും റിപ്പോര്‍ട്ടു ചെയ്യുക. ഇവാന്‍സിന്റെ നേതൃത്വത്തില്‍ ഡിസൈന്‍ ടീം മികച്ച പ്രകടനം നടത്തുമെന്ന് ഐവ് പറഞ്ഞു. ആപ്പിളിന്റെ ചരിത്രത്തിലെ ഏറ്റവും കരുത്തുറ്റ സമയമാണിപ്പോള്‍ എന്നാണ് ഐവ് ഈ പടിയിറക്കത്തെ വിശേഷിപ്പിച്ചത്.

ആപ്പിളിനുള്ളിലെ അതി സമര്‍ഥരായ ഡിസൈന്‍ ടീമിനെ വാര്‍ത്തെടുത്തത് ഐവ് ആണ്. അദ്ദേഹത്തോടൊപ്പം ഇനിയും ആപ്പിളിന്റെ ടീം പ്രവര്‍ത്തിക്കുമെന്നും, വരും വര്‍ഷങ്ങളിലും തങ്ങളുടെ കൂട്ടുകെട്ട് തുടരുമെന്നും കമ്പനിയുടെ മേധാവി ടിം കുക്ക് വ്യക്തമാക്കി.