നമ്മുടെ സംസ്ഥാനത്ത് പാലും തേനും ഒഴുക്കുമെന്ന് പറയുന്ന ഭരണാധികാരികൾ ഇനിയെങ്കിലും ചിലതെല്ലാം കണ്ണു തുറന്നു കാണേണ്ടിയിരിക്കുന്നു. ഒരു ബഷീർ കഥാപാത്രത്തെ പോലെ കാണാത്ത കണ്ണുമായും കേൾക്കാത്ത ചെവിയുമായി ഇനിയും വെറുതെയിരുന്നാൽ അവശേഷിക്കുന്ന ചുരുക്കം ചില വ്യവസായ സ്ഥാപനങ്ങൾ പോലും നമുക്ക് നഷ്ടപ്പെടാനിടയുണ്ട്.

എറ്റവും ഒടുവിലായി ഇപ്പോൾ വാർത്തകൾ വന്നുകൊണ്ടിരിക്കുന്നത് ഏറണാകുളം ജില്ലയിലെ കിഴക്കമ്പലത്ത് നിന്നുമാണ്. ചില രാഷ്ട്രീയ കാരണങ്ങളാലും കിഴക്കമ്പലം ഇതിന് മുൻപ് തന്നെ വാർത്തകളിലിടം പിടിച്ചിരുന്നു. അന്നാ അലൂമിനിയം കമ്പനി, കിറ്റെക്സ് ഗാർമെൻ്റ്സ് എന്നീ വ്യവസായ സ്ഥാപനങ്ങളുടെ ഉടമയായ സാബു ജേക്കബിൻ്റെ നേതൃത്വത്തിലുള്ള ട്വൻറി-ട്വൻ്റി എന്ന സ്വതന്ത്ര കക്ഷിയാണ് കിഴക്കമ്പലം പഞ്ചായത്ത് ഭരിക്കുന്നത്.

കേരളത്തിലെ മറ്റ് തദ്ദേശ ഭരണ സ്ഥാപനങ്ങൾക്കില്ലാത്ത ചില പ്രത്യേകതകൾ അവിടെയുണ്ട്. പൊതുജനങ്ങൾക്ക് ഏറ്റവും വിലക്കുറവിൽ അവശ്യ സാധനങ്ങൾ വിതരണം ചെയ്യുന്ന സ്ഥാപനങ്ങളാണ് അതിലൊന്ന്. പഞ്ചായത്തിലെ മുഴുവൻ വാർഡുകളും ട്വൻ്റി-ട്വൻ്റി യുടെ അധീനതയിലാണ്. അത് കൊണ്ട് തന്നെ സാമ്പ്രദായിക രാഷ്ടീയ കക്ഷികൾ ഇടതും വലതും ഈ കിഴക്കമ്പലം മോഡലിന് എതിരാണ്. ഇക്കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പിൽ ചില മണ്ഡലങ്ങളിൽ ട്വൻ്റി-ട്വൻ്റി സ്ഥാനാർത്ഥികളെ നിർത്തി മത്സര രംഗത്ത് കടന്ന് വന്നത് ശത്രുത വർദ്ധിപ്പിക്കാനുള്ള കാരണമായി തീർന്നു എന്നത് പകൽ പോലെ സത്യം.

അവസരം ഒത്തുവന്നപ്പോൾ സർക്കാർ സംവിധാനങ്ങൾ ഉണർന്നു പ്രവർത്തിക്കുകയും കിറ്റെക്സിനെതിരെ പല രീതിയിലുള്ള പരിശോധനകൾ നടത്തി നല്ല നിലയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തെ പ്രതിക്കൂട്ടിൽ നിർത്തി എന്നുള്ളതുമാണ് സമകാലിക സംഭവം. ഇതേ തുടർന്ന് കിറ്റെക്സ് പുതുതായി തുടങ്ങാനിരുന്ന വ്യവസായ പദ്ധതികൾ ഉപേക്ഷിച്ച് മറ്റേതെങ്കിലും സംസ്ഥാനത്ത് പുതിയ പദ്ധതി ആരംഭിക്കുവാനുള്ള പ്രഖ്യാപനം നടത്തുകയുമാണുണ്ടായത്. എന്നാൽ സർക്കാറും ഇടത് കക്ഷികളും പറയുന്നത് കിറ്റെക്സ് എന്ന സ്ഥാപനം ചട്ടലംഘനങ്ങൾ നടത്തുകയാണെന്നും കോവിഡിൻ്റെ ദുരിത കാലത്ത് പോലും തൊഴിലാളി ദ്രോഹ നടപടികൾ സ്വീകരിക്കുകയാണ് ചെയ്യുന്നതെന്നുമാണ്. ഇതിന് ഉപോൽബലകമായി തൊഴിലാളികളിൽ ചിലരുടേതെന്ന് അവകാശപ്പെട്ടുകൊണ്ടുള്ള ശബ്ദ സന്ദേശങ്ങളും തെളിവുകളായി പുറത്ത് വിട്ടു കൊണ്ടിരിക്കയാണ്.

അവസരം മുതലെടുത്ത് കൊണ്ട് തമിഴ്നാട് സർക്കാർ കിറ്റെക്സിൻ്റെ പുതിയ സ്ഥാപനം തമിഴ്നാട്ടിൽ ആരംഭിക്കാൻ സൗകര്യങ്ങളും സൗജന്യങ്ങളും വാഗ്ദാനം നൽകി കൊണ്ട് രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്. ആന്ധ്രാപ്രദേശും സൗജന്യങ്ങളുടെ പെരുമഴയുമായി മുന്നിലുണ്ട്.

നമുക്കിനിയും ഒരു വ്യവസായ സ്ഥാപനം പോലും നഷ്ടമായിക്കൂടാ…തൊഴിലാളികൾക്ക് ആരോഗ്യകരമായ സാഹചര്യത്തിൽ തന്നെ ജോലി ചെയ്യാനുള്ള സൗകര്യങ്ങൾ ഉണ്ടാവുകയും വേണം. നമ്മുടെ സംസ്ഥാനം ഇനിയും വ്യവസായങ്ങളുടെ ശവപ്പറമ്പായി മാറി തീരാൻ പാടിലെന്ന് നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു.