ഐഷ സുൽത്താനയുടെ മുൻകൂർ ജാമ്യഹർജി വ്യാഴാഴ്ചത്തേക്ക് മാറ്റി

0

കൊച്ചി: രാജ്യദ്രോഹക്കേസിൽ സംവിധായിക ഐഷ സുൽത്താന നൽകിയ മുൻകൂർ ജാമ്യഹർജി പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി. കേസ് വ്യാഴാഴ്ചയിലേക്കാണ് മാറ്റിയത്. കേസിൽ വിശദീകരണം നൽകാൻ കോടതി ലക്ഷദ്വീപ് പൊലീസിന് നിർദേശം നൽകി. കേസ് പരിഗണിച്ചപ്പോൾ കേസ് വ്യാഴാഴ്ചയിലേക്ക് മാറ്റണമെന്ന് ഹർജിക്കാരി തന്നെ ആവശ്യം ഉന്നയിക്കുകയായിരുന്നു. ഈ ആവശ്യം കോടതി പരിഗണിച്ചു.

കവരത്തി പൊലീസ് ഞായറാഴ്ച നേരിട്ട് ഹാജരാകണമെന്ന് കാണിച്ച് 44 എ പ്രകാരം നോട്ടീസ് നൽകിയിട്ടുണ്ടെന്നും ഐഷ സുൽത്താന കോടതിയെ അറിയിച്ചു. ഇതിനിടെ ഐഷ സുൽത്താനക്കെതിരെ പരാതി നൽകിയ ലക്ഷദ്വീപ് ബിജെപി പ്രസിഡന്‍റും കേസിൽ തങ്ങളെയും കക്ഷി ചേർക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിട്ടുണ്ട്. തങ്ങളുടെ വാദം കൂടി കേട്ട ശേഷം മാത്രമേ ഐഷ സുൽത്താനയുടെ മുൻകൂർ ഹർജിയിൽ തീരുമാനം എടുക്കാവു എന്നാണ് ബിജെപി നേതാവ് ആവശ്യപ്പെട്ടിട്ടുള്ളത്.