39 കിലോയിൽ നിന്ന് അൻപതിലേയ്ക്ക്: ചാലഞ്ച് പൂർത്തീകരിച്ച് ഇഷാനി കൃഷ്ണ

0

ഡയറ്റിങിലൂടെയും വർക്കൗട്ടിലൂടെയും ശരീരഭാരം കുറച്ചതിന്റെ കഥ പലരും പറഞ്ഞുകേട്ടിട്ടുണ്ട്. എന്നാൽ നടി ഇഷാനി കൃഷ്ണയ്ക്ക് പറയാനുള്ളത് ശരീരഭാരം വർധിപ്പിച്ച കഥയാണ്. കൃഷ്ണകുമാറിന്റെ മൂന്നാമത്തെ മകളും അഹാനയുടെ രണ്ടാമത്തെ അനുജത്തിയുമാണ് ഇഷാനി. പലരും പഴയതിനെക്കാളും മെലിയുമ്പോൾ ഇഷാനിയുടേത് ശരീരഭാരം വർധിപ്പിച്ച ചലഞ്ചാണ്.

മമ്മൂട്ടി നായകനായെത്തിയ വൺ എന്ന ചിത്രത്തിലൂടെയാണ് താരം സിനിമയിലേക്കെത്തിയത്. സോഷ്യൽ മീഡിയയിലും വളരെ സജീവമായ ഇഷാനി തന്റെ എല്ലാ വിശേഷങ്ങളും പ്രേക്ഷകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ ആരാധകരുമായി ഇഷാനി നടത്തിയ സംവാദമാണ് ശ്രദ്ധേയമാകുന്നത്. ചോദ്യോത്തര വേളയിൽ തന്റെ ശരീരഭാരം കൂട്ടിയതിനെ കുറിച്ചും ഇഷാനി പറയുന്നു.

39-41 കിലോയിൽ നിന്നും സ്വപ്രയത്നം കൊണ്ട് ശരീരഭാരം വർധിപ്പിച്ചിരിക്കുകയാണ് ഇഷാനി. പലപ്പോഴും 39നും 41നും ഇടയിലായതിനാൽ, 40 കിലോയാവും പഴയ ശരീരഭാരം എന്ന് ഇഷാനി പറയുന്നു. ഇപ്പോൾ 50 കിലോയുണ്ട് എന്നും താരം പറഞ്ഞു. ഇഷാനിയുടെ ചിത്രങ്ങളിൽ നിന്ന് ഇത് വ്യക്തമാകുന്നതുമാണ്.

വീട്ടിലെ ഉയരം കൂടിയ മകൾ അഹാനയാണെങ്കിൽ ഇഷാനിക്ക് അഞ്ചടി നാലിഞ്ച് ഉയരമുണ്ട്. തന്നേക്കാൾ പത്തു കിലോ കുറഞ്ഞ അനുജത്തി എന്ന് അഹാന തന്നെ മുൻപൊരിക്കൽ ഇഷാനിയെ വിശേഷിപ്പിച്ചിരുന്നു. ശരീരം മെലിയുന്നതിൽ മാത്രമല്ല, ആരോഗ്യകരമായ രീതിയിൽ ശരീരഭാരം വർധിപ്പിക്കുന്നതും പോസിറ്റിവിറ്റി തന്നെയാണെന്നും അക്കാര്യത്തിൽ ഇഷാനി നല്ലൊരു മാതൃകയാണെന്നും ആരാധകർ പറയുന്നു.