അലറിക്കരഞ്ഞ് മക്കളുമായി തുരങ്കത്തിലേക്കോടി ബഗ്‌ദാദി;സിനിമയെ വെല്ലുവിധം ഐഎസ് തലവന്റെ അവസാന നിമിഷങ്ങള്‍

0

വാഷിങ്ടൻ∙ ലോകത്തെ വിറപ്പിച്ചുവെന്ന് അവകാശപ്പെടുന്ന ഐഎസ് തലവൻ അബൂബക്കർ അൽ ബഗ്ദാദിയുടെ മരണം പേടിച്ചു കരഞ്ഞ് ഒരു ഭീരുവിനെപ്പോലെയായിരുന്നെന്ന് ബാഗ്ദാദിയുടെ മരണം സ്ഥിരീകരിക്കാൻ വിളിച്ചുചേർത്ത പ്രത്യേക വാർത്താസമ്മേളനത്തിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു.

ലോകത്തെ ഏറ്റവും ക്രൂരമായ ഭീകര സംഘടനയായ ഐഎസിന്റെ സ്ഥാപക തലവനു വേണ്ടി യുഎസ് വർഷങ്ങളായി തിരച്ചിൽ നടത്തുകയായിരുന്നു. ശനിയാഴ്ച രാത്രിയാണ് ബഗ്ദാദിയെ യു എസ് സൈന്യം ഇല്ലായ്മചെയ്തത്. സിറിയയില്‍ യു.എസിന്റെ സൈനിക നീക്കത്തിനിടെയാണ് ബാഗ്ദാദി കൊല്ലപ്പെട്ടതെന്ന് ട്രംപ് പറഞ്ഞു. സൈനിക നീക്കത്തിനിടെ അബൂബക്കര്‍ അല്‍ ബാഗ്ദാദി സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. ഇതോടൊപ്പം മൂന്നുകുട്ടികളും മരിച്ചതായി ട്രംപ് പറഞ്ഞു.

കൊല്ലപ്പെട്ടവരിൽ ബഗ്ദാദിയുടെ രണ്ടു ഭാര്യമാരുമുണ്ടായിരുന്നു. ഇവരുടെ ദേഹത്തു സ്ഫോടകവസ്തുക്കളുണ്ടായിരുന്നെങ്കിലും അവ പൊട്ടിത്തെറിക്കും മുൻപ് ഇരുവരും കൊല്ലപ്പെടുകയായിരുന്നു. താമസിച്ചിരുന്ന കെട്ടിടത്തിൽ നിന്ന് അവസാനമിറങ്ങിയതും ബഗ്ദാദിയായിരുന്നു. കൊല്ലപ്പെട്ട ശേഷം അവിടെവച്ചു തന്നെയായിരുന്നു ഡിഎൻഎ പരിശോധന. 15 മിനിറ്റിനകം ഫലം ലഭിച്ചെന്നും ട്രംപ് വ്യക്തമാക്കി. രണ്ടാഴ്ചയോളം പദ്ധതിയിട്ടതിനു ശേഷമായിരുന്നു ലോകം കണ്ട ഏറ്റവും ഭീകരന്മാരിലൊരാളായ ബഗ്ദാദിയെ യുഎസ് ഇല്ലാതാക്കിയത്.

സിറിയക്കു വിട്ടുകൊടുക്കാതെ ഐഎസ് കയ്യടക്കി വച്ചിരുന്ന അപൂർവം പ്രദേശങ്ങളിലൊന്നായിരുന്നു ഇദ്‌ലിബ്. ഇവിടത്തെ കെട്ടിടങ്ങളിലൊന്നിൽ കുടുംബത്തോടെയായിരുന്നു ബഗ്ദാദിയുടെ ജീവിതം. പ്രദേശത്ത് യുഎസിന്റെ ഡെൽറ്റ ഫോഴ്സ് സംഘം ഹെലികോപ്ടറുക.ളിലെത്തി താഴേക്ക് ഇറങ്ങുകയായിരുന്നു. ആദ്യം കെട്ടിടത്തിനു നേരെ തുടര്‍ച്ചയായി വെടിയുതിർത്തു. ഹെലികോപ്ടറുകൾ അടുത്തെത്തിയതോടെ താഴെ നിന്നു വെടിവയ്പുണ്ടായിരുന്നു. എന്നാൽ നാടൻ തോക്കു കൊണ്ടായിരുന്നു വെടിവയ്പ്.

തുടർന്ന് പ്രത്യേക പരിശീലനം ലഭിച്ച നായ്ക്കൾക്കൊപ്പം ബഗ്ദാദിയുടെ താവളം ലക്ഷ്യമാക്കി കമാൻഡോസ് കുതിച്ചു. ഇതിനിടയിൽ ഒരു തുരങ്കത്തിലേക്ക് മൂന്നു കുട്ടികളുമായി കടക്കുകയായിരുന്നു ബാഗ്ദാദി. കെ9 എന്നറിയപ്പെടുന്ന നായ്ക്കൾ ഇയാളുടെ പിന്നാലെയോടി. ഓടുന്നതിനിടെ വഴിനീളെ ബഗ്ദാദി ഉറക്കെ കരയുകയായിരുന്നു. തുരങ്കത്തിന്റെ അങ്ങേയറ്റത്ത് എത്തുമ്പോഴേക്കും നായ്ക്കൾ പിടികൂടിയിരുന്നു. അതിനിടെ ദേഹത്തു കെട്ടിവച്ചിരുന്ന ബോംബ് പൊട്ടിത്തെറിച്ചു.

കെട്ടിടത്തില്‍ നിന്ന് ഇറങ്ങിയോടിയവരുടെ കൂട്ടത്തിൽ ബഗ്ദാദി മാത്രമാണ് തുരങ്കത്തിലേക്ക് കടന്നത്. വെടിയേൽക്കാതിരിക്കാനുള്ള ‘മറയായാണ്’ കുട്ടികളെയും വലിച്ച് ഒപ്പം കൂട്ടിയത്. പിടിക്കപ്പെടുമെന്നുറപ്പായതോടെ സ്വയം പൊട്ടിത്തെറിച്ചു. മൂന്നു കുഞ്ഞുങ്ങളെയും ചേർത്തു നിർത്തിയായിരുന്നു ഇയാൾ പൊട്ടിത്തെറിച്ചത്. സ്ഫോടനത്തിൽ മൃതദേഹങ്ങൾ ചിതറിത്തെറിച്ചു. തുരങ്കം ഇടിഞ്ഞു ദേഹത്തേക്കു വീഴുകയും ചെയ്തു. കെട്ടിടത്തിലുണ്ടായിരുന്ന 11 കുട്ടികളെ ആദ്യമേ തന്നെ രക്ഷിച്ച് സുരക്ഷിത സ്ഥാനത്തേക്കു മാറ്റിയിരുന്നു. പോരാട്ടത്തിനൊടുവിൽ അവിടെ നിന്നു പോകുമ്പോൾ ഒട്ടേറെ വിലപ്പെട്ട വിവരങ്ങളും ലഭ്യമായതായി ട്രംപ് പറഞ്ഞു.

കഴിഞ്ഞ അഞ്ച് വര്‍ഷമായി ബാഗ്ദാദി ഒളിവില്‍ കഴിയുകയായിരുന്നു. 2010ലാണ് ബാഗ്ദാദി ഭീകരസംഘടനയായ ഐസിസിന്റെ നേതാവാകുന്നത്. പിന്നീട് അല്‍ഖായിദ സംഘടനയില്‍ ലയിപ്പിച്ച ശേഷം ഐസിസ് എന്ന പേര് സ്വീകരിക്കുകയായിരുന്നു. ബാഗ്ദാദിയെ പിടികൂടാനോ കൊലപ്പെടുത്താനോ സഹായിക്കുന്നവര്‍ക്ക് ഒരു കോടി ഡോളര്‍ (60 കോടി രൂപ) പ്രതിഫലം നല്‍കുമെന്ന് യുഎസ് വിദേശകാര്യവകുപ്പ് 2011-ല്‍ പ്രഖ്യാപിച്ചിരുന്നു