മലയാളി ഐ.എസ് ഏജന്‍റ് അബ്ദുൽ റാഷിദ് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി സൂചന

0

മലയാളിയായ ഐഎസ് ഏജന്റ് അമേരിക്കൻ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി സൂചന. കാസർഗോഡ് പടന്ന ഉടുമ്പുന്തല സ്വദേശി അബ്ദുൽ റാഷിദ് ആണ് കൊല്ലപ്പെട്ടത്. അഫ്ഗാനിസ്ഥാനില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ മരിച്ചെന്നാണ് വിവരം.അഫ്ഗാനിസ്ഥാനിലെ കുറാസന്‍ പ്രവിശ്യയിലെ ഐഎസ് കേന്ദ്രത്തിലായിരുന്നു റാഷിദ് പ്രവര്‍ത്തിച്ചിരുന്നത്.

സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 21പേരെ ഇയാൾ ഐഎസ് എസ് കേന്ദ്രത്തിൽ എത്തിച്ചിരുന്നു. നേരത്തേ കേരളത്തില്‍നിന്ന് ഐഎസില്‍ ചേര്‍ന്നവരുടെ വിവരങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നത് റാഷിദ് ആയിരുന്നു. ഇയാളുടെ സന്ദേശങ്ങള്‍ മൂന്ന് മാസമായി കിട്ടുന്നില്ല. കേരളത്തില്‍നിന്നുള്ള ഐഎസ് റിക്രൂട്ട്മെന്‍റ് നടത്തിയിരുന്നത് റാഷിദ് ആണെന്നായിരുന്നു എന്‍ഐഎ കണ്ടെത്തല്‍.

കേരളത്തിൽ നിന്നും 2016 മെയ്, ജൂൺ മാസങ്ങളിലായാണ് 21 പേരെ അബ്ദുൽ റാഷിദ് ഐഎസ് കേന്ദ്രങ്ങളിലേക്ക് എത്തിച്ചത്. ഇതുസംബന്ധിച്ച് ആദ്യം ചന്തേര പോലീസ് രജിസ്റ്റർ ചെയ്ത കേസ് പിന്നീട് എൻഐഎയ്ക്ക് കൈമാറുകയായിരുന്നു.

റാഷിദിന്റെ നേതൃത്വത്തിൽ ഐഎസ് ആശയങ്ങൾ പ്രചരിപ്പിക്കുന്ന നൂറോളം ശബ്ദ സന്ദേശങ്ങൾ ടെലിഗ്രാം ആപ്പ് വഴി എത്തിയിരുന്നു. ഇയാൾ പടന്നയിലെ പീസ് സ്കൂളിലെ അഡ്മിനിസ്ട്രേറ്റർ ആയിരുന്നു.