ഇസ്രായേലി പാസ്‍പോര്‍ട്ടുള്ളവരെ സൗദിയില്‍ പ്രവേശിപ്പിക്കില്ലെന്ന് വിദേശകാര്യ മന്ത്രി

0

റിയാദ്: ഇസ്രായേലി പൗരന്മാരെ സൗദിയില്‍ പ്രവേശിപ്പിക്കില്ലെന്ന് സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ അറിയിച്ചു. പ്രത്യേക സാഹചര്യങ്ങള്‍ തങ്ങളുടെ പൗരന്മാര്‍ക്ക് സൗദി സന്ദര്‍ശിക്കാമെന്ന് ഇസ്രായേല്‍ അറിയിച്ചതിന് പിന്നാലെയാണ് ഇത് നിഷേധിച്ചുകൊണ്ട് സൗദിയുടെ പ്രതികരണം.

‘തങ്ങള്‍ക്ക് സ്ഥിരമായ നിലപാടാണുള്ളത്. ഇസ്രയേലുമായി ഒരു ബന്ധവുമില്ല. ഇസ്രയേലി പാസ്‍പോര്‍ട്ട് ഉള്ളവര്‍ക്ക് ഇപ്പോഴത്തെ സാഹചര്യത്തില്‍ സൗദി സന്ദര്‍ശിക്കാനും കഴിയില്ല’ -ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ പറഞ്ഞു. തീര്‍ത്ഥാടനത്തിനായോ അല്ലെങ്കില്‍ ബിസിനസ് ആവശ്യങ്ങള്‍ക്കോ മീറ്റിങ്ങുകളില്‍ പങ്കെടുക്കാനോ ഇസ്രായേലി പൗരന്മാര്‍ക്ക് സൗദി അധികൃതരുടെ അനുമതിയോടെ സൗദി സന്ദര്‍ശിക്കാമെന്നായിരുന്നു ഞായറാഴ്ച ഇസ്രയേല്‍ ആഭ്യന്തര മന്ത്രി അറിയിച്ചത്.

ഇത് നിഷേധിച്ചുകൊണ്ടാണ് തിങ്കളാഴ്ച സൗദി വിദേശകാര്യ മന്ത്രിയുടെ പ്രതികരണുണ്ടായത്. ഇസ്രായേലി പാസ്‍പോര്‍ട്ടുള്ളവര്‍ക്ക് നിലവില്‍ സൗദിയില്‍ പ്രവേശിക്കാനാവില്ലെന്ന് അദ്ദേഹം അറിയിച്ചു. സൗദി ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നിലവില്‍ ഇസ്രായേലുമായി നയതന്ത്ര ബന്ധമില്ല. അടുത്തകാലത്തായി ഗള്‍ഫ് രാജ്യങ്ങളുമായി ബന്ധം സ്ഥാപിക്കാന്‍ ഇസ്രായേല്‍ ശ്രമിച്ചുവരികയാണ്.