ചന്ദ്രയാൻ രണ്ടിന്‍റെ ഓർബിറ്ററും വിക്രം ലാൻഡറും വേർപെട്ടു; നിര്‍ണായക ഘട്ടം വിജയിച്ച് ഐഎസ്ആർഒ

0

ബെം​ഗളൂരു:  ചന്ദ്രയാൻ 2 ദൗത്യത്തിന്റെ ലാൻഡിങ്ങിനു മുന്നോടിയായുള്ള നിർണായക ഘട്ടവും വിജയകരമായി പിന്നിട്ട് ഐഎസ്ആർഒ. ചന്ദ്രയാൻ രണ്ട് ഓർബിറ്ററും വിക്രം ലാൻഡറും വിജയകരമായി വേർപെട്ടു. ഉച്ചക്ക് 1.15നാണ് വിക്രം ലാൻഡറിന്‍റെ വേർപെടൽ പൂർത്തിയായതെന്ന് ഐ എസ് ആര്‍ ഒ ട്വിറ്ററിലൂടെ അറിയിച്ചു.

നിലവിൽ ചന്ദ്രനിൽ നിന്ന് 119 കിലോമീറ്റർ അടുത്ത ദൂരവും 127 കിലോമീറ്റർ അകന്ന ദൂരവുമായിട്ടുള്ള ഭ്രമണപഥത്തിലാണ് വിക്രം ലാൻഡർ ഉള്ളത്.നിശ്ചയിച്ച സമയത്തു തന്നെ ഓർബിറ്ററിൽ നിന്ന് വിക്രം ലാൻഡർ വേർപെട്ടതോടെ ഇനി ലക്ഷ്യം ചന്ദ്രനിലെ സുരക്ഷിതമായ ലാൻഡിങ്.

ഇനി ഓര്‍ബിറ്ററിനെയും ലാന്‍ഡറിനെയും വെവ്വേറെ നിയന്ത്രിക്കണം. ‘ലാന്‍ഡറി’നെ രണ്ടുതവണകൂടി ദിശമാറ്റി ചന്ദ്രന്റെ ഏറ്റവും അടുത്ത് എത്തിക്കണം. തുടര്‍ന്ന്, ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലേക്കുള്ള ഇറക്കത്തിന് ഒരുക്കം തുടങ്ങും.ശനിയാഴ്ച പുലര്‍ച്ചെ 1.30-നും 2.30-നുമിടയില്‍ ചന്ദ്രന്റെ ഇരുണ്ടപ്രദേശത്തെ രണ്ട് ഗര്‍ത്തങ്ങള്‍ക്കിടയിലുള്ള പ്രതലത്തില്‍ ‘ലാന്‍ഡറി’നെ ‘സോഫ്റ്റ് ലാന്‍ഡിങ്സാങ്കേതികതയിലൂടെ ഇറക്കുകയാണ് ലക്ഷ്യം.

വിക്രം ലാൻഡർ ഇനി വീണ്ടും രണ്ട് തവണയായി ഭ്രമണപഥം താഴ്ത്തി ചന്ദ്രോപരിതലത്തിൽ നിന്നുള്ള അകലം കുറയ്ക്കും. സെപ്റ്റംബർ മൂന്നിനും നാലിനുമായിരിക്കും ഈ രണ്ട് ഭ്രമണപഥ താഴ്ത്തലുകൾ. വിക്രം വേർപെട്ടതിന് ശേഷം ചന്ദ്രയാൻ രണ്ട് ഓർബിറ്ററിലെ ഹൈ റെസലൂഷ്യൻ ക്യാമറ നിർദ്ദിഷ്ട ലാൻഡിംഗ് സൈറ്റിന്‍റെ ചിത്രങ്ങളെടുക്കുകയും ഭൂമിയിലേക്ക് കൈമാറുകയും ചെയ്യും.

ചന്ദ്രന്‍റെ ദക്ഷിണ ധ്രുവ പ്രദേശത്തെ മാൻസിനസ് സി, സിംപ്ലിയസ് എൻ ഗർത്തങ്ങളുടെ ഇടയിലാണ് വിക്രം ലാൻഡർ ഇറക്കാൻ ഐഎസ്ആര്‍ഒ പദ്ധതിയിട്ടിട്ടുള്ളത്. ഈ പ്രദേശത്തിന്‍റെ കൃത്യമായ മാപ്പ് തയ്യാറാക്കാൻ ഓഎച്ച്ആർസി നൽകുന്ന ചിത്രങ്ങൾ ഉപയോഗിക്കും.

ശേഷം ലാൻഡിംഗിനാവശ്യമായ നിർദ്ദേശങ്ങൾ വിക്രം ലാൻഡറിലേക്കയക്കും. സെപ്റ്റംബർ ഏഴിന് പുലർച്ചെ 1.30നും 2.30നും ഇടയിലായിരിക്കും വിക്രം ചന്ദ്രോപരിതലത്തിൽ ഇറങ്ങുക. ദൗത്യം വിജയകരമായാൽ സോഫ്റ്റ് ലാൻഡിംഗ് വിജയകരമായി പൂർത്തിയാക്കുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ.