ജെല്ലിക്കെട്ട് പ്രക്ഷോഭം: ഒരു സംസ്‌കാരം തിരിച്ചു പിടിക്കാൻ

0
Photo by Henk Oochappan

രാഷ്ട്രീയ കക്ഷികളുടെ കൊടിക്കീഴിൽ അല്ലെങ്കിൽ നടീനടന്മാരുടെ തണലിൽ മാത്രമാണ് തമിഴ് ജനത പൊതുവിൽ ഏത് പ്രക്ഷോഭത്തിനും ഇറങ്ങുക. പക്ഷേ ഇത്തവണ പൊങ്കലിനോട് അനുബന്ധിച്ച് ചെന്നൈ മറീനാ കടൽക്കരയിലും തമിഴ്‌നാട്ടിലെ മറ്റിടങ്ങളിലും അവർ ഒത്തുകൂടിയത് ഒരു രാഷ്ട്രീയ കക്ഷിയുടേയും ആഹ്വാനം കേട്ടായിരുന്നില്ല. ഇത്തവണ രാഷ്ട്രീയകക്ഷികൾക്കു പകരം സോഷ്യൽ മീഡിയയെ ആണ് അവർ ഒപ്പം കൂട്ടിയത്. അതിന് ഫലവും കണ്ടു. ഏഴായിരത്തോളം പേരാണ് ദിവസങ്ങളായി മറീനാ കടൽക്കരയിൽ രാവും പകലും ജെല്ലിക്കെട്ട് നിരോധനം നിയമഭേദഗതിയിലൂടെ എടുത്തുമാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം തുടരുന്നത്. തമിഴ്‌നാട്ടിലെ കോളെജുകളിൽ ഭൂരിഭാഗവും ഈ പ്രതിഷേധത്തിന് പിന്തുണ അറിയിച്ച് അവധി പ്രഖ്യാപിച്ചു കഴിഞ്ഞു.
മുഖ്യധാര നടീനടന്മാർ തങ്ങളുടെ പിന്തുണ അറിയിച്ചപ്പോൾ രാഷ്ട്രീയ നേതൃത്വങ്ങൾ അനുകൂല പ്രസ്താവനകളുമായി അവരെ തേടിയെത്തി. കാരണം ജനം കക്ഷിരാഷ്ട്രീയഭേദമന്യെ തെരുവിലിറങ്ങിയിരിക്കുകയാണ്. ടാഗുകളിലൂടെ തങ്ങളുടെ പ്രതിഷേധം അവർ ലോകമെമ്പാടും എത്തിക്കുകയാണ്. ഏതാണ്ട് 2500 വർഷം പഴക്കമുള്ള ജെല്ലിക്കെട്ട് എന്ന തമിഴ്‌നാടിന്റെ തനത് സാംസ്‌കാരിക-കായികവിനോദത്തിന് 2014-ലാണ് മൃഗക്ഷേമത്തിന്റെ പേരിൽ സുപ്രീം കോടതി വിലക്കേർപ്പെടുത്തിയത്. അന്നു മുതൽ തന്നെ തെരഞ്ഞെടുപ്പ് പ്രകടനപത്രികകളിലെ ഒരു മുഖ്യ ഇനം കുടിയായി മാറി ജെല്ലിക്കെട്ട് നിരോധനം പിൻവലിക്കുമെന്ന വാഗ്ദാനവും. നിരോധനത്തിനു ശേഷം എല്ലാ വർഷവും പൊങ്കലിനോട് അനുബന്ധിച്ച് രാഷ്ട്രീയ കക്ഷികളെല്ലാം പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുകയും ഒടുവിൽ ജനങ്ങളോട് മാപ്പു പറഞ്ഞ് പിൻവാങ്ങുകയുമാണ് പതിവ്. ഇത്തവണയും സംസ്ഥാനത്തു നിന്നുള്ള ബിജെപി മന്ത്രിയായ പൊൻരാധാകൃഷ്ണനും അത്തരമൊരു മാപ്പു പറച്ചിൽ നടത്തി. കാര്യങ്ങൾ ശരിയാക്കിത്തരാമെന്ന് വാഗ്ദാനം ചെയ്ത തമിഴ്‌നാട് മുഖ്യമന്ത്രി ഒ പന്നീർശെൽവമാകട്ടെ പിൻവാങ്ങുകയും ചെയ്തു.
തങ്ങളുടെ സംസ്‌കാരത്തിലും ഗ്രാമീണ ജീവിതത്തിലും ഉള്ള കടന്നുകയറ്റമായി ഇതിനെ കണ്ട യുവത സോഷ്യൽ മീഡിയയിലൂടെ സന്ദേശം പരമാവധി ജനങ്ങളിലെത്തിക്കുകയും ലോകമെമ്പാടും പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്യുന്നു. മറീനയിലേക്കുള്ള വൈദ്യുതി തടസ്സപ്പെടുത്തിയും ലാത്തിചാർജ് നടത്തിയും പ്രതിഷേധക്കാരെ വിരട്ടിയോടിക്കാൻ സർക്കാർ നടത്തിയ ശ്രമങ്ങൾ പൂർണമായും പരാജയപ്പെടുകയും അതോടെ വിഷയം ലോക മാധ്യമങ്ങളുടെ ശ്രദ്ധയിലെത്തുകയും ചെയ്തു.