മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ മൃതദേഹാവശിഷ്ടം സൗദി കോണ്‍സുല്‍ ജനറലിന്റെ ഔദ്യോഗിക വസതിയുടെ കിണറ്റില്‍

0

മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗി കൊലക്കേസ് വഴിത്തിരിവില്‍. ഖഷോഗിയുടെ മൃതദേഹാവശിഷ്ടം സൗദി കോണ്‍സുല്‍ ജനറലിന്റെ ഔദ്യോഗിക വസതിയുടെ കിണറ്റില്‍ കണ്ടെത്തിയതായി തുര്‍ക്കി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതെസമയം മറ്റധികം മാധ്യമങ്ങൾ ഇത് സ്ഥിരീകരിച്ചിട്ടില്ല.

ഇതേത്തുടര്‍ന്നു തുര്‍ക്കി സന്ദര്‍ശിക്കാന്‍ സി.ഐ.എ. ഡയറക്ടര്‍ക്ക് യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നിര്‍ദേശം നല്‍കി. ഖഷോഗിയുടേത് രാഷ്ട്രീയ കൊലപാതകമാണെന്നും വ്യക്തമായ ആസൂത്രണത്തോടെ നടപ്പാക്കിയതാണെന്നും തുര്‍ക്കി പാര്‍ലമെന്റില്‍ പ്രസിഡന്റ് റെജെപ് തയ്യീപ് എര്‍ദോവന്‍ പ്രഖ്യാപിച്ചതിനു പിന്നാലെയാണു തലയുടെ അവശിഷ്ടം കണ്ടെത്തിയത്.

ഖഷോഗിയുടെ മരണം സംബന്ധിച്ച് ഇനിയും വെളിപ്പെടുത്തലുകൾ തനിക്ക് നടത്താനുണ്ടെന്ന് കഴിഞ്ഞദിവസം തുർക്കി പ്രസിഡണ്ട് എർദോഗൻ പറഞ്ഞിരുന്നു. മൊഹമ്മദ് ബിൻ സൽമാൻ രാജകുമാരന് വധത്തിൽ‍ പങ്കുണ്ടെന്ന് തെളിയിക്കാൻ തങ്ങൾക്കാകുമെന്ന നിലപാടിലാണ് തുർക്കി. ഇത് സൗദിയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. കോൺസുലേറ്റിൽ വെച്ച് നടന്ന മൽപ്പിടിത്തത്തിനിടെ ഖഷോഗി അബദ്ധത്തിൽ കൊല്ലപ്പെട്ടെന്നാണ് സൗദി പറയുന്നത്. ഇതിൽ മൊഹമ്മദ് രാജകുമാരന് അറിവില്ലെന്ന് വരുത്താനും സൗദി ശ്രമിച്ചു കൊണ്ടിരിക്കുകയാണ്.