ജാനകിക്കാട് കൂട്ടബലാത്സംഗം; പെണ്‍കുട്ടി വീണ്ടും പീഡനത്തിനിരയായി

0

കോഴിക്കോട് ജാനകിക്കാട് കൂട്ടബലാത്സംഗത്തിനിരയായ ദളിത് പെണ്‍കുട്ടി വീണ്ടും പീഡനത്തിരായായതായി പൊലീസ്. സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരെ പെരുവണ്ണാമൂഴി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. നിലവില്‍ റിമാന്‍ഡിലുള്ള രാഹുലും മറ്റൊരു പ്രതിയും ചേര്‍ന്നാണ് പെണ്‍കുട്ടിയെ രണ്ടാമതും പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.

കുറ്റ്യാടി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് പിന്നീട് പെരുവണ്ണാമൂഴി പൊലീസിന് കൈമാറുകയായിരുന്നു. ജാനകിക്കാടിനടുത്തുള്ള ഒഴിഞ്ഞ പ്രദേശത്തുവച്ച് ഈ മാസം 16നാണ് പതിനേഴുകാരിയായ ദളിത് പെണ്‍കുട്ടി രണ്ടാം തവണയും പീഡനത്തിനിരയായത്. രാഹുലിനൊപ്പമുള്ള പ്രതിയെ ഇന്നലെ രാത്രിയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പെണ്‍കുട്ടി ഇയാളെ തിരിച്ചറിഞ്ഞാല്‍ ഇന്ന് അറസ്റ്റ് രേഖപ്പെടുത്തും.

നിലവില്‍ പൊലീസും വനിതാശിശുക്ഷേമ വകുപ്പും പെണ്‍കുട്ടിക്ക് കൗണ്‍സലിങ് നല്‍കിവരികയാണ്. സായൂജ്, ഷിബു, രാഹുല്‍, അക്ഷയ് എന്നീ നാല് പ്രതികളാണ് ഇതുവരെ അറസ്റ്റിലായിട്ടുള്ളത്. പോക്‌സോ കേസ് ചുമത്തിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതിനായി ഇന്ന് അന്വേഷണ സംഘം കോഴിക്കോട് പോക്‌സോ കോടതിയില്‍ അപേക്ഷ നല്‍കും.

നാദാപുരം എഎസ്പിയാണ് ആദ്യം നടന്ന കൂട്ടബലാത്സംഗ കേസ് അന്വേഷിക്കുന്നത്. പെരുവണ്ണാമൂഴി പൊലീസ് രജിസ്റ്റര്‍ ചെയ്ത രണ്ടാമത്തെ കേസ് പേരാമ്പ്ര ഡിവൈഎസ്പിയാണ് അന്വേഷിക്കുന്നത്. ഈ മാസം മൂന്നിനാണ് പെണ്‍കുട്ടി ആദ്യതവണ കൂട്ടബലാത്സംഗത്തിനിരയായത്. കുറ്റ്യാടി സ്വദേശിയായ 17കാരിയാണ് പരാതിക്കാരി. മൂന്ന് കായത്തൊടി സ്വദേശികളെയും ഒരു കുറ്റ്യാടി സ്വദേശിയേയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇതില്‍ ഒരാള്‍ പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു. ആ പ്രണയം മുതലെടുത്താണ് നാല് പേര്‍ ചേര്‍ന്ന് പതിനേഴുകാരിയെ പീഡിപ്പിച്ചത്. ശീതള പാനിയത്തില്‍ മയക്കുമരുന്ന് ചേര്‍ത്തായിരുന്നു പീഡനം.