ജയലളിതയുടെ ജീവിതം സിനിമയാകുന്നു

0

മുന്‍ തമിഴ്നാട് മുഖ്യമന്ത്രിയും എ.ഐ.എ.ഡി.എം.കെ നേതാവുമായിരുന്ന ജയലളിതയുടെ ജീവിതം സിനിമയാകുന്നു. തലൈവി എന്ന് പേരിട്ടിരിക്കുന്ന സിനിമ ജയലളിതയുടെ 71-ാം ജന്മദിനമായ ഫെബ്രുവരി 24-നാണ് പ്രഖ്യാപിച്ചത്. എ.എല്‍.വിജയ് ആണ് തലൈവിയുടെ സംവിധായകൻ. വിബ്രി മീഡിയയുടെ ബാനറില്‍ വിഷ്ണു വരദനാണ് നിര്‍മ്മാണം. ജി വി പ്രകാശ് കുമാര്‍ സംഗീതവും, നീരവ് ഷാ ഛായാഗ്രഹണവും, ആന്റണി എഡിറ്റിംഗും നിർവഹിക്കുന്നു.

ജയലളിതയുടെ ജീവിതം പറയുന്ന രണ്ട് സിനിമകള്‍ നേരത്തേ പ്രഖ്യാപിച്ചിരുന്നു. സംവിധായകന്‍ മിഷ്‌കിന്റെ അസോസിയേറ്റ് ആയിരുന്ന പ്രിയദര്‍ശിനി സംവിധാനം ചെയ്യുന്ന ‘ദി അയണ്‍ ലേഡി’യാണ് ഒന്ന്. നിത്യ മേനോനാണ് ചിത്രത്തില്‍ ജയലളിതയായി അഭിനയിക്കുന്നത്. നിര്‍മ്മാതാവ് ആദിത്യ ഭരദ്വാജും ജയലളിതയുടെ ജീവിതകഥ സിനിമയാക്കാന്‍ മുന്നോട്ട് വന്നിരുന്നു. തന്റെ കമ്പനിയായ വൈ-സ്റ്റാര്‍ സിനി ആന്‍ഡ് ടെലിവിഷന്‍ പ്രൈവ റ്റ് ലിമിറ്റഡ് നിര്‍മ്മിക്കുന്ന ചിത്രം മുതിര്‍ന്ന സംവിധായകന്‍ ഭാരതിരാജ ഒരുക്കുമെന്നായിരുന്നു പ്രഖ്യാപനം. ‘തായ്: പുരട്ചി തലൈവി’ എന്നാണ് ഈ സിനിമയുടെ പേര്.