ജയലളിതയുടെ വസതി മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയാക്കാൻ തമിഴ്‌നാട് സർക്കാര്‍

0

ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ വസതിയായ വേദനിലയം തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയാക്കണമെന്ന കോടതി നിർദേശം സർക്കാരിന്റെ സജീവ പരിഗണനയിൽ. ബുധനാഴ്ച മദ്രാസ് ഹൈക്കോടതിയിലാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

വേദനിലയം ജയ സ്മാരകമാക്കുന്നതിനെതിരെ പോയസ് ഗാർഡനിലെ താമസക്കാരിൽ ചിലർ സമർപ്പിച്ച ഹർജി പരിഗണിക്കുന്നതിനിടെയാണ് സർക്കാർ ഇക്കാര്യം കോടതിയിൽ അറിയിച്ചത്. ഹർജിക്കാരുടെ ആശങ്കയ്ക്കു അടിസ്ഥാനമില്ലെന്നു ചൂണ്ടിക്കാട്ടി ഹൈക്കോടതി തള്ളി.

ഒരു വസതിയെ സ്മാരകമാക്കി മാറ്റുന്നത് ആദ്യമായല്ലെന്നും ജനങ്ങളുടെ സ്‌നേഹവും അംഗീകാരവും നേടിയ നിരവധി നേതാക്കളുടെ കാര്യത്തില്‍ ഇങ്ങനെ മുമ്പും സംഭവിച്ചിട്ടുണ്ടെന്നും ജസ്റ്റിസ് ആനന്ദ് വെങ്കിടേഷ് ചൂണ്ടിക്കാട്ടി. ഹര്‍ജിക്കാരുടേത് വെറും ആശങ്കമാത്രമാണെന്ന് അഭിപ്രായപ്പെട്ട ജഡ്ജി ജസ്റ്റിസ് ആനന്ദ് വെങ്കിടേഷ് ഹര്‍ജി തള്ളി.

വേദനിലയം സ്മാരകമാക്കി മാറ്റിയാൽ ഒട്ടേറെ സന്ദർശകർ വരുമെന്നും ഇതു പ്രദേശത്തു താമസിക്കുന്നവർക്കു ബുദ്ധിമുട്ടു സൃഷ്ടിക്കുമെന്നും ചൂണ്ടിക്കാട്ടിയാണു പോയസ് ഗാർഡൻ കസ്തൂരി എസ്റ്റേറ്റ് ഹൗസ് ഓണേഴ്സ് അസോസിയേഷൻ കോടതിയെ സമീപിച്ചത്. വേദനിലയമുൾപ്പെടെ ജയലളിതയുടെ സ്വത്തുക്കൾക്ക് അവകാശികൾ സഹോദരന്റെ മക്കളായ ദീപകും ദീപയുമാണെന്നു നേരത്തെ ഹൈക്കോടതി വിധിച്ചിരുന്നു. വേദനിലയം ഏറ്റെടുക്കണമെങ്കിൽ ഇവരുടെ അനുമതി വേണ്ടിവരും.