കാലം എത്ര കഴിഞ്ഞാലും, എത്രയൊക്കെ പുരോഗമനം പറഞ്ഞാലും മനുഷ്യൻ അടിസ്ഥാനപരമായി ഒരു മൃഗം തന്നെയാണ്. ഒരു പക്ഷേ ഈ ലോകത്തിലെ most dangerous wild animal എന്ന് വിശേഷിപ്പിക്കാൻ പറ്റുന്ന ഒരു ഇനം. ലിജോ ജോസ് പല്ലിശ്ശേരി ജെല്ലിക്കെട്ടിനു വേണ്ടി കേറി പിടിച്ചതും അതിനെ തന്നെയാണ്.

സിനിമയുടെ തുടക്കത്തിലേ കാണിക്കുന്ന ഗ്രാമത്തിലെ ഇറച്ചിക്കടയും അവിടെ ഇറച്ചി വാങ്ങാൻ വരുന്നവരുടെ ഇറച്ചി പ്രേമവുമൊക്കെ ഈ സിനിമയുടെ തീമിനോട് ചേർന്ന് വായിക്കാവുന്ന സംഗതികളാണ്. വിശപ്പിനും രുചിക്കും അപ്പുറം ഇറച്ചിയോടുള്ള മനുഷ്യന്റെ വെറിക്ക് യുഗങ്ങൾ പഴക്കമുള്ള പിന്നാമ്പുറ കഥകൾ വേറെയുണ്ട്.

യുക്തിഭദ്രമായ ഒരു തിരക്കഥ കൊണ്ടല്ല മറിച്ച് പറയാൻ ഉദ്ദേശിക്കുന്ന വിഷയത്തെ അതി ഗംഭീരമായും ഭീകരമായും തന്നെ പറഞ്ഞവതരിപ്പിക്കുന്ന മേയ്ക്കിങ് ആണ് ജെല്ലിക്കെട്ടിനെ വേറെ ലെവലിലേക്ക് എത്തിക്കുന്നത്.

ചതിയും പകയും കാമവും വേട്ടയാടലും ആൾക്കൂട്ട മനഃശാസ്ത്രവുമൊക്കെ ഇത്ര മാത്രം വന്യമായി അവതരിപ്പിക്കാൻ സിനിമയെ സഹായിക്കുന്നത് ഗിരീഷിന്റെ കാമറയും രംഗനാഥ്‌ രവിയുടെ സൗണ്ട് റെക്കോർഡിങ്ങുമാണ്. പലരെയും അസ്വസ്ഥപ്പെടുത്തുന്ന ആ സൗണ്ട് ഈ സിനിമയോട് അത്ര മാത്രം ചേർന്ന് നിൽക്കുന്നുണ്ട്. ???

വെട്ടാൻ കൊണ്ട് വന്ന ഒരു പോത്ത് ഇറങ്ങിയോടി നാട്ടിൽ അങ്കലാപ്പുണ്ടാക്കിയാൽ തന്നെ ഇത്രയോളം മനുഷ്യർ ഒരു നാടിളക്കി അതിന്റെ പിന്നാലെ ഇങ്ങിനെ ഓടുമോ, ഇത്രയേറെ കഷ്ടപ്പെട്ട് വേണോ അതിനെ പിടിക്കാൻ എന്നൊക്കെ സംശയിച്ചു കാണുന്നവർക്ക് ഈ സിനിമയുടെ ആസ്വാദനം ഇല്ലാതാകും. സിനിമ പറയാൻ ഉദ്ദേശിക്കുന്ന കാര്യത്തിന് വേണ്ടി സംവിധായകൻ ഉപയോഗിക്കുന്ന വെറും ടൂളുകൾ മാത്രമാണ് ആ നാടും പോത്തും പോത്തിന് പിന്നാലെ പായുന്ന മനുഷ്യരുമൊക്കെ.

ആനയും കരടിയുമൊക്കെ പാഞ്ഞു നടന്നിരുന്ന ഒരു കാടായിരുന്നു ഇന്നത്തെ നമ്മുടെ ഈ നാടെന്നു പറയുന്ന കരണവരോട് അതിശയത്തോടെ ഒരു പയ്യൻ ചോദിക്കുന്നുണ്ട് കാടോ ഇവിടെയോ എന്ന്. നീയൊക്കെ എന്ന് മുതലാടാ പാന്റും ഷർട്ടും ഇടാൻ തുടങ്ങിയത് എന്ന മറു ചോദ്യത്തിനൊപ്പം കാരണവർ പറഞ്ഞു വക്കുന്ന ഒന്നുണ്ട് – ഇപ്പോഴും ഇത് കാട് തന്നെയാണ്, ആ രണ്ടു കാലില് നടക്കുന്നത് നോക്കണ്ട അതൊക്കെ മൃഗങ്ങൾ ആണെന്ന്. ഈ പറച്ചിലിനൊപ്പം മനുഷ്യൻ എത്ര മാത്രം വന്യത നിറഞ്ഞ മൃഗമാണ് എന്ന് അനുഭവപ്പെടുത്തി തരുന്നിടത്താണ് ജെല്ലിക്കെട്ട് മികച്ച സിനിമയാകുന്നത്.

ചെമ്പൻ വിനോദും, പെപ്പെയും, സാബു മോനും, ജാഫർ ഇടുക്കിയും തൊട്ടു പല പരിചയ മുഖങ്ങളും ഈ സിനിമയിൽ ഉണ്ടെങ്കിലും മികച്ച പ്രകടനത്തിനുള്ള സ്‌പേസ് അവർക്കാർക്കും ലഭിക്കാതെ പോകുന്നത് സിനിമയുടെ ഫോക്കസ് മുഴുവനും പോത്തിന് പിന്നാലെ പായുന്ന ആൾക്കൂട്ടത്തിലേക്കാണ് എന്നത് കൊണ്ടാണ്. ആന്റണിയും കുട്ടച്ചനും വർക്കിയുമൊക്കെ അവിടെ ആൾക്കൂട്ടത്തിൽ ഒരാൾ മാത്രമായി മാറുന്നു. ആ തലത്തിൽ ഈ സിനിമ സംവിധായകന്റെ പോലുമല്ല, ആൾക്കൂട്ടത്തിനൊപ്പം പോത്തിന് പിന്നാലെ ഓടി മനുഷ്യനെന്ന മൃഗത്തെ കണ്ടറിയുന്ന പ്രേക്ഷകന്റെ മാത്രമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.