കൊച്ചിയിലേക്കുള്ള സർവീസ് ജെറ്റ് എയർവേയ്സ് അവസാനിപ്പിക്കുന്നു

1

ജെറ്റ് എയർവേയ്സ് കൊച്ചിയിലേക്കുള്ള സര്‍വീസ് അവസാനിപ്പിക്കുന്നു. ഫെബ്രുവരി പത്തുമുതൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ ഷാർജയിൽ നിന്നു കൊച്ചിയിലേക്ക് സർവീസ് ഉണ്ടാകില്ലെന്ന് വിവിധ ഏജൻസികളെ കമ്പനി അറിയിച്ചു.

ഇതോടെ യുഎഇയിൽ നിന്ന് കേരളത്തിലേക്കുള്ള എല്ലാ സർവീസുകളും ജെറ്റ് എയർവേയ്സ് നിർത്തലാക്കുകയാണ്. ഇപ്പോൾ ടിക്കറ്റ് എടുത്തവർക്ക് യാത്രാ തീയതിയുടെ പത്തുദിവസം മുൻപോ ശേഷമോ കണക്കാക്കി പുതിയ തീയതി നിശ്ചയിക്കാം. അതിനു പിഴ ഈടാക്കില്ല. യാത്ര നിശ്ചയിക്കുന്ന പുതിയ തീയതിയിൽ നേരിട്ട് വിമാനം ഇല്ലെങ്കിൽ മുബൈ വഴിയോ ഡൽഹി വഴിയോ പോകാം. ഉപയോഗിക്കാത്ത ടിക്കറ്റിന് പിഴയൊന്നും ഈടാക്കാതെ മുഴുവൻ തുകയും തിരികെ നൽകും.

അതേ സമയം ഒരിക്കൽ തീയതി മാറ്റിയ ശേഷം വീണ്ടും മാറ്റം ഉണ്ടായാൽ പിഴ ഈടാക്കും. ജെറ്റ് എയർവേയ്സിന്റെ പ്രതിദിന കൊച്ചി സർവീസാണ് നിർത്തലാക്കുന്നത്. ദക്ഷിണേന്ത്യയിലേക്കു മുഴുവനുമുള്ള സർവീസുകൾ നിർത്തലാക്കാനും ആലോചനയുണ്ട്. ഇവിടേക്കുള്ള സർവീസുകൾ ലാഭകരമല്ലെന്നാണ് കമ്പനി നിലപാട്. ദുബായിൽ നിന്ന് കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കുമുള്ള സർവീസുകൾ നേരത്തേ നിർത്തലാക്കിയിരുന്നു.