ജോണ്‍ എബ്രഹാം മലയാളചിത്രത്തിന്റെ നിര്‍മാതാവാകുന്നു; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി

0

കൊച്ചി: മലയാളത്തില്‍ താന്‍ ആദ്യമായി നിര്‍മിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി ബോളിവുഡ് താരം ജോണ്‍ എബ്രഹാം. ‘മൈക്ക്’ എന്ന ചിത്രത്തിന്റെ പോസ്റ്ററാണ് ജോണ്‍ എബ്രഹാം കൊച്ചിയില്‍ നടന്ന ചടങ്ങില്‍ പുറത്തിറക്കിയത്.

പരിപാടിയില്‍ മുഖ്യാതിഥിയായി ജോണ്‍ എബ്രഹാമും ഒപ്പം ചിത്രത്തിലെ അഭിനേതാക്കളും അണിയറപ്രവര്‍ത്തകരും പങ്കെടുത്തു. വിഷ്ണു ശിവപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രം ജോണ്‍ എബ്രഹാമിന്റെ നിര്‍മാണക്കമ്പനിയായ ജെ.എ. എന്റര്‍ടെയ്‌മെന്റാണ് നിര്‍മിക്കുന്നത്. വിക്കി ഡോണര്‍, മദ്രാസ് കഫെ, പരമാണു, ബാട്ല ഹൗസ് തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മിച്ചത് ജെ.എ. എന്റര്‍ടെയ്‌മെന്റാണ്.

അനശ്വര രാജനും പുതുമുഖം രഞ്ജിത്ത് സജീവുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍. ജിനു ജോസഫ്, അക്ഷയ് രാധാകൃഷ്ണന്‍, അഭിരാം, സിനി എബ്രഹാം തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ചിത്രത്തിന്റെ കഥ ആഷിഖ് അക്ബര്‍ അലിയുടേതാണ്. ഛായാഗ്രഹണം രണദീവെയും എഡിറ്റിങ് വിവേക് ഹര്‍ഷനുമാണ്. സംഗീതസംവിധാനം രഥന്‍, കലാസംവിധാനം – രഞ്ജിത് കൊതേരി, മേക്കപ്പ് – റോണെക്‌സ് സേവിയര്‍, വസ്ത്രാലങ്കാരം – സോണിയ സാന്‍ഡിയാവോ. ഡേവിസണ്‍ സി.ജെ., ബിനു മുരളി എന്നിവരാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ കേരളത്തിനകത്തും പുറത്തുമായി ഷൂട്ടിങ് പുരോഗമിക്കുന്നു.