ഒടിടി റിലീസ് തടയണം; കടുവയ്ക്കെതിരെ വീണ്ടും കുറുവച്ചൻ

0

കടുവ സിനിമയെ വിടാതെ പിടികൂടി ജോസ് കുരുവിനാക്കുന്നേൽ. ചിത്രത്തിന്റെ ഒടിടി റിലീസിനെതിരെയാണ് പാലാ സ്വദേശിയായ ജോസ് ഇപ്പോൾ രംഗത്തുവന്നിരിക്കുന്നത്. ഷാജി കൈലാസ് സംവിധാനം ചെയ്ത് പൃഥ്വിരാജ് നായകനായ കടുവ ഏറെ നാളത്തെ നിയമ പോരാട്ടത്തിന് ശേഷം ജൂലൈ ഏഴിന് റിലീസ് ചെയ്തിരുന്നു. കോടതി വിധി അനുസരിച്ച് പൃഥ്വിരാജ് അവതരിപ്പിച്ച നായക കഥാപാത്രത്തിന്റെ പേര് കടുവാക്കുന്നിൽ കുറുവച്ചൻ എന്നതിൽ നിന്നും കുര്യച്ചൻ എന്ന പേരിലേക്ക് മാറ്റിയാണ് റിലീസ് ചെയ്തത്. എന്നാൽ നായകന്റെ പേര് മാറ്റിയ പതിപ്പ് ഇന്ത്യയിൽ മാത്രമാണ് കാണിച്ചതെന്നും വിദേശ രാജ്യങ്ങളിൽ റിലീസ് ചെയ്ത ചിത്രത്തിൽ കുറുവച്ചൻ എന്നുതന്നെയാണ് പേര് എന്നുമാണ് ജോസ് കുരുവിനാക്കുന്നിലിന്റെ കുറുവച്ചന്റെ പുതിയ പരാതി. ഹർജി ഫയലിൽ സ്വീകരിച്ച കോടതി കടുവയുടെ നിർമാതാക്കൾക്ക് നോട്ടീസ് അയക്കാൻ ഉത്തരവിറക്കി.

കടുവ എന്ന സിനിമയുടെ കഥ തന്റെ ജീവിതകഥയാണെന്നും ഈ ചിത്രം പുറത്തിറങ്ങിയാൽ അത് തനിക്കും കുടുംബത്തിനും അപകീർത്തിയുണ്ടാക്കുമെന്നും ആരോപിച്ചാണ് പാലാ സ്വദേശി കുറുവച്ചൻ എന്ന് വിളിപ്പേരുള്ള ജോസ് കുരുവിനാക്കുന്നേല്‍ പരാതി നൽകിയത്. എന്നാൽ ഈ ചിത്രത്തിന് കുറുവച്ചന്റെ ജീവിതവുമായി യാതൊരു ബന്ധവുമില്ലെന്നും തിരക്കഥാകൃത്ത് ജിനു എബ്രഹാം എഴുതിയ വെറുമൊരു സങ്കൽപ്പ കഥയാണ് കടുവയെന്നുമായിരുന്നു ചിത്രത്തിന്റെ അണിയറപ്രവർത്തകർ മറുപടി നൽകിയത്. ഏറെ നാളത്തെ നിയമപോരാട്ടത്തിനൊടുവിൽ പൃഥ്വിരാജിന്റെ കഥാപാത്രത്തിന്റെ പേര് കുറുവച്ചൻ എന്നതിനു പകരം മറ്റൊരു പേര് ഉപയോഗിക്കണമെന്ന് സെൻസര്‍ ബോർഡ് നിർദേശം നൽകി.

ഒടുവിൽ കടുവാക്കുന്നിൽ കുറുവച്ചന്‍ എന്ന പേര് കടുവാക്കുന്നേല്‍ കുര്യച്ചന്‍ എന്നാക്കി മാറ്റിയാണ് സിനിമ തിയറ്ററുകളിൽ എത്തിയത്. ചിത്രം തിയറ്ററുകളിൽ വലിയ തരംഗം സൃഷ്ടിക്കുകയും പ്രദർശന വിജയം നേടുകയും ചെയ്തിരുന്നു. യഥാർഥ കുറുവച്ചനായ ജോസ് കുരുവിനാക്കുന്നേൽ തിയറ്ററിൽ ചിത്രം കാണാനെത്തിയിരുന്നു.

സെൻസർ ബോർഡിന്റെയും കോടതിയുടെയും നിർദേശം ഉണ്ടായിട്ടും ഇന്ത്യയിൽ മാത്രമേ കഥാപാത്രത്തിന്റെ പേര് മാറ്റിയിരുന്നുള്ളു എന്നും വിദേശ രാജ്യങ്ങളിൽ കുറുവച്ചൻ എന്ന പേരിലാണ് ചിത്രം റിലീസ് ചെയ്തതെന്നുമാണ് കുറുവച്ചൻ പറയുന്നത്. ന്യൂസിലാൻഡ്, അമേരിക്ക, ദുബായ് എന്നീ വിദേശ രാജ്യങ്ങളിൽ ചിത്രം പ്രദർശിപ്പിച്ചതിന്റെ മുഴുവൻ വിവരങ്ങളും തെളിവായി സമർപ്പിച്ചുകൊണ്ടാണ് കുറുവച്ചൻ ഹൈക്കോടതിയിൽ ഹർജി നൽകിയത്.

കുറുവച്ചൻ തിയറ്ററിലെത്തി ചിത്രം കണ്ടത് തെളിവുകൾ ശേഖരിക്കാനാണെന്നും കുറുവച്ചനോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു. നിയമം അനുസരിച്ച് ലോകത്ത് എവിടെ സിനിമ റിലീസ് ചെയ്താലും ഒരുപോലെ ആയിരിക്കണം എന്നിരിക്കെ ഹൈക്കോടതി നിർദേശത്തിന്റെ ലംഘനമാണ് ഇവിടെ നടന്നിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് ചിത്രത്തിന്റെ ഒടിടി റിലീസ് തടയണമെന്ന് കുറുവച്ചൻ ആവശ്യപ്പെട്ടിരിക്കുന്നത്. കുറുവച്ചന്റെ പരാതി ഫയലിൽ സ്വീകരിച്ച കോടതി എതിർകക്ഷികൾക്ക് നോട്ടീസ് അയക്കാൻ ഉത്തരവായിരിക്കുകയാണ്.