മാധ്യമപ്രവര്‍ത്തകന്‍റെ മരണം; അന്വേഷണത്തിന് പ്രത്യേക സംഘം

0

തിരുവനന്തപുരം:മാധ്യമപ്രവർത്തകൻ എസ് വി പ്രദീപിന്‍റെ മരണം അന്വേഷിക്കാന്‍ പ്രത്യേക സംഘം. ഫോർട്ട് അസി.കമ്മീഷണറുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുക.അപകടം എങ്ങനെ നടന്നുവെന്ന് വ്യക്തമാകേണ്ടതുണ്ടെന്നും സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുമെന്നും പൊലീസ് പറഞ്ഞു. സംഭവം നടക്കുന്ന സമയത്ത് ദൃക്സാക്ഷികൾ ഉണ്ടെങ്കിൽ മൊഴി എടുക്കാനാണ് പൊലീസ് നീക്കം.

പ്രദീപിന്‍റെ മരണത്തില്‍ കുടുംബം ദുരൂഹത ആരോപിച്ചിട്ടുണ്ട്. പ്രദീപിന് സാമൂഹിക മാധ്യമങ്ങളിലൂടെ ഭീഷണി ഉണ്ടായിരുന്നതായി അമ്മയും സഹോദരിയും പറഞ്ഞു. തന്‍റെ ഫോണ്‍ ഹാക്ക് ചെയ്‌തെന്ന് പ്രദീപ് ഒരിക്കൽ പറഞ്ഞിരുന്നതായും കുടുംബം പറഞ്ഞു.

തിരുവനന്തപുരം കാരയ്ക്കാമണ്ഡപത്തു വച്ചാണ് അപകടമുണ്ടായത്. ഇടിച്ച വാഹനം നിര്‍ത്താതെ പോയെന്ന് പൊലീസ് പറ‍ഞ്ഞു. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണുള്ളത്. വാഹനം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ഒരു സ്വരാജ് മസ്ദ വാഹനമാണെന്നാണ് ദൃക്സാക്ഷികൾ നൽകിയ സൂചന.

എസ്.വി.പ്രദീപിന്റെ അകാല വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തിയ കേരള പത്രപ്രവർത്തക യൂണിയൻ, സംഭവത്തിലെ ദുരൂഹത നീക്കാൻ വിശദമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടു. നഗരത്തിലെ തിരക്കേറിയ ഭാഗത്ത് ഇരുചക്ര വാഹന യാത്രക്കാരനെ മറ്റൊരു വാഹനം ഇടിച്ചിട്ടു കടന്നുകളഞ്ഞത് ദുരൂഹമാണ്. അന്വേഷണത്തിനു ഫോർട്ട് അസി. കമ്മിഷണർ പ്രതാപചന്ദ്രൻ നായരുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയ ഡിജിപിയുടെ നടപടി സ്വാഗതാർഹമാണെന്നും യൂണിയൻ പറഞ്ഞു.

ജയ്‍ഹിന്ദ്, മനോരമ ന്യൂസ്, മീഡിയ വൺ, ന്യൂസ് 18, കൈരളി, മംഗളം എന്നീ ന്യൂസ് ചാനലുകളിൽ മാധ്യമപ്രവർത്തകനായിരുന്നു പ്രദീപ്. ഇപ്പോൾ ചില ഓൺലൈൻ ചാനലുകളുമായി ബന്ധപ്പെട്ട് ജോലി ചെയ്ത് വരികയായിരുന്നു. തിരുവനന്തപുരം പള്ളിച്ചൽ സ്വദേശിയാണ്. പ്രദീപിന്‍റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു.