അഭിമാന നിമിഷം: സമാധാന നൊബേൽ 2 മാധ്യമപ്രവർത്തകർക്ക്

1

ഓസ്‌ലോ ∙ സമാധാനത്തിനുളള നൊബേൽ പുരസ്കാരം രണ്ടു മാധ്യമപ്രവർത്തകർക്ക്. ഫിലിപ്പീൻസിലെ മരിയ റെസയ്ക്കും(58) റഷ്യയിലെ ദിമിത്രി ആൻഡ്രിവിച്ച് മുറടോവിനുമാണ്(59) പുരസ്കാരം. സ്വന്തം രാജ്യങ്ങളിൽ അഭിപ്രായസ്വാതന്ത്ര്യം ഉറപ്പാക്കാൻ നടത്തിയ പരിശ്രമങ്ങളാണ് ഇരുവരെയും പുരസ്കാരനേട്ടത്തിന് അർഹരാക്കിയത്. ഇത് ഏഴാം തവണയാണ് മാധ്യമപ്രവര്‍ത്തകര്‍ സമാധാനത്തിന്റെ ദൂതന്‍മാരാകുന്നത്.

വസ്തുതകൾ ചോദ്യംചെയ്യപ്പെടുന്ന കാലത്താണ് നാം ജീവിക്കുന്നത്. വസ്തുതകൾ നിലയുറപ്പിക്കാത്ത ലോകം സത്യവും വിശ്വാസ്യതയും ഇല്ലാത്തതാകുമെന്നത് നൊബേൽ സമാധാന പുരസ്കാര സമിതി തിരിച്ചറിഞ്ഞു. ഇതാണ് ഈ പുരസ്കാരനേട്ടം ഉറപ്പിക്കുന്നത്. അധികാര ദുർവിനിയോഗം തുറന്നുകാട്ടാൻ അഭിപ്രായ സ്വാതന്ത്ര്യത്തെ ഉപയോഗിച്ചതിനാണ് പുരസ്കാരം. ഇരുവരും നിർഭയ മാധ്യമ പ്രവർത്തനത്തിന്റെ ഉദാത്ത മാതൃകകളെന്ന് നൊബേൽ സമിതി വിശേഷിപ്പിച്ചു.

11 ലക്ഷം ഡോളറാണ് സമാധാനത്തിനുള്ള നോബേൽ സമ്മാനത്തുക. ഫിലിപ്പൈൻ സർക്കാരിന്റെ ഏകാധിപത്യ പ്രവണതകൾക്കെതിരെ നിരന്തരം തന്റെ റാപ്ലർ എന്ന ഓൺലൈൻ മാധ്യമം വഴിയാണ് മരിയ റെസ്സ വാർത്തകൾ നൽകിയത്.

റഷ്യൽ നൊവാജ ഗസറ്റ് എന്ന പത്രം സ്ഥാപിച്ച ദിമിത്രി മുറാത്തോ അന്ന് മുതൽ കഴിഞ്ഞ 24 വർഷമായി പത്രത്തിന്റെ എഡിറ്ററാണ്. റഷ്യയിൽ അഭിപ്രായ സ്വതന്ത്രത്തിന്റെ മുന്നണിപ്പോരാളികളിൽ ഒരാളായാണ് ഇദ്ദേഹം അറിയപ്പെടുന്നത്. ലോക ഫുഡ് പ്രോഗ്രാമിനാണ് കഴിഞ്ഞ വർഷം സമാധാന നോബേൽ സമ്മാനം ലഭിച്ചത്. ലോകമാകെ ദാരിദ്ര്യ നിർമ്മാർജ്ജനത്തിനായി നടത്തിയ ഇടപെടലാണ് ഇവരെ സമ്മാനത്തിന് അർഹരാക്കിയിരുന്നത്.