ജൂലിയൻ അസാൻജിന്റെ ആരോഗ്യ നില അതീവ ഗുരുതരം

0

ലണ്ടൻ: അമേരിക്കയുടെ നയതന്ത്ര രഹസ്യങ്ങൾ ലോകത്തിന് മുന്നിൽ പരസ്യമാക്കിയ വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാൻജിന്റെ ആരോഗ്യ നില അതീവ ഗുരുതരമാണെന്ന് ഡോക്ടർമാരുടെ വെളിപ്പെടുത്തൽ. ഇത് സംബന്ധിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 60 ഡോക്ടർമാർ ഒപ്പിട്ട കത്ത് ബ്രിട്ടീഷ് ഹോം സെക്രട്ടറി പ്രീതി പട്ടേലിനു കൈമാറിയിട്ടുണ്ട്. കത്തിന്റെ പകർപ്പ് വിക്കിലീക്സും പുറത്തുവിട്ടു.

നാല്പത്തിയെട്ടുകാരനായ അസാൻജിനെ ജയിലിൽ നിന്ന് കൂടുതൽ സൗകര്യങ്ങളുള്ള ആശുപത്രിയിലേക്ക് മാറ്റണമെന്നാണ് ആവശ്യം. 2020 ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന വിചാരണയ്ക്ക് എത്താൻ നിലവിലെ സാഹചര്യത്തിൽ അസാൻജിനു സാധിക്കുമോ എന്ന കാര്യത്തിൽ പോലും സംശയമാണെന്ന് കത്തിൽ പറയുന്നു. ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ കത്തയച്ചിരിക്കുന്നതെന്നും ഡോക്ടർമാർ പറയുന്നു.

വിഷാദരോഗം ഉൾപ്പെടെയുള്ള മാനസിക പ്രശ്നങ്ങൾ അസാൻജിനെ അലട്ടുന്നുണ്ട്. പല്ലുകൾക്കും പ്രശ്നമുണ്ട്. ചുമലിലെ വേദനയ്ക്കും ഇതുവരെ ചികിത്സ നൽകിയിട്ടില്ല. ഈ സാഹചര്യത്തിൽ എല്ലാ സൗകര്യങ്ങളും വിദഗ്ദ്ധ ഡോക്ടർമാരുമുള്ള ഒരു യൂണിവേഴ്സിറ്റി ടീച്ചിംഗ് ഹോസ്പിറ്റലിലേക്ക് അസാൻജിനെ മാറ്റണമെന്നാണ് ആവശ്യം.