നീതിക്കു വേണ്ടി ശ്രീജിത്ത് സമരം ചെയ്യുന്നു, കഴിഞ്ഞ 762 ദിവസങ്ങളായി

1

സെക്രട്ടേറിയറ്റ് പടിക്കല്‍ വെയിലും മഞ്ഞും മഴയുമേറ്റ് ഈ ചെറുപ്പക്കാരന്‍ സമരം ചെയ്യാന്‍ തുടങ്ങിയിട്ട് 762 ദിവസങ്ങള്‍ കഴിഞ്ഞിരിക്കുന്നു. നടപ്പാതയിലൊരിടത്ത് രോമം വളര്‍ന്ന് നിറഞ്ഞ മുഖത്തോടെ, മെലിഞ്ഞുണങ്ങി, ഒരു മനുഷ്യന്‍ മരണം കാത്ത് കിടപ്പുണ്ട്,  പേര് ശ്രീജിത്ത്‌.

കഴിഞ്ഞ രണ്ടു വര്‍ഷമായി ഈ പോരാട്ടം തുടരുന്നത് ഒരേയൊരു ആവശ്യത്തിനു വേണ്ടി അനുജന്റെ മരണത്തിനു ഉത്തരവാദികളായവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരിക എന്നത് മാത്രം. 761 ദിവസങ്ങളായി അതുവഴി കടന്ന് പോയ ഭരണകര്‍ത്താക്കളുടേയും നാട്ടുകാരുടേയും ശ്രദ്ധയില്‍പ്പെടാന്‍ മാത്രമുള്ള സെലിബ്രിറ്റി യോഗ്യതകളൊന്നുമില്ലാത്ത ഒരു ചെറുപ്പക്കാരന്‍, അതാണ്‌ അവരുടെ കണ്ണില്‍ ശ്രീജിത്ത്‌.

നെയ്യാറ്റിന്‍കര കുളത്തൂര്‍ വെങ്കടമ്പ് പുതുവല്‍ പുത്തന്‍വീട്ടില്‍ ശ്രീജിത്തിന്റെ ഒറ്റയാള്‍ സമരം കേരള സമൂഹം ഒന്നടങ്കം ഏറ്റെടുത്തിരിക്കുകയാണ്. ശ്രീജിത്തിന്റെ സമരത്തെക്കുറിച്ചും അയാളുടെ ആവശ്യമായ സിബിഐ അന്വേഷണത്തെക്കുറിച്ചും അന്വേഷിക്കാന്‍ ഇന്നലെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ വിളിച്ചപ്പോള്‍ ശ്രീജിത്ത് എന്തിനാണ് ഇനിയും സമരം ചെയ്യുന്നതെന്നാണ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം വി ജയരാജന്‍ ചോദിച്ചത്. ശ്രീജിത്തിനോടും ശ്രീജിത്തിന്റെ ബന്ധുക്കളോടും സര്‍ക്കാര്‍ സംസാരിച്ചിട്ടുണ്ടെന്നും ഇനിയും സമരം തുടരുന്നത് എന്തിനാണെന്ന് അറിയില്ലെന്നുമായിരുന്നു ആ ഉത്തരം. ശ്രീജിത്തിന്റെ സമരം എന്തിന് വേണ്ടിയാണെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ആ സമരത്തിന് ലഭിക്കുന്ന ജനകീയ പിന്തുണ. മരണത്തിനും ജീവിതത്തിനും ഇടയിലുളള നേര്‍ത്ത നൂല്‍പ്പാലത്തില്‍ അയാളുടെ ആവശ്യം ഒന്ന് മാത്രമാണ്. നീതി! ഈ ജ്യേഷ്ഠനും അനിയനും വേണ്ടി സോഷ്യല്‍ മീഡിയ ഒന്നാകെ കൈ കോര്‍ത്ത് പിടിച്ചിരിക്കുകയാണ്.

ശ്രീജിത്ത് എന്ന ചെറുപ്പക്കാരന്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി സെക്രട്ടേറിയറ്റിന് മുന്നില്‍ സമരത്തിലാണ്. ഒറ്റയാള്‍ പോരാട്ടമാണ് ശ്രീജിത്തിന്റെത്. പോലീസ് മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട അനുജന്‍ ശ്രീജിവിന് നീതി വേണമെന്നതാണ് ശ്രീജിത്തിന്റെ ഏക ആവശ്യം. 2014 മെയ് 21നാണ് ശ്രീജിവിന്റെ മരണം. മോഷണക്കുറ്റം ആരോപിച്ചാണ് ശ്രീജിവിനെ പോലീസ് അറസ്റ്റ് ചെയ്ത് കൊണ്ടുപോയത്. അടിവസ്ത്രത്തില്‍ സൂക്ഷിച്ച് വിഷം ലോക്കപ്പിലേക്ക് കടത്തിയെന്നും അത് കുടിച്ച് ശ്രീജിവ് ആത്മഹത്യ ചെയ്തുവെന്നുമാണ് പോലീസ് പറയുന്നത്. എന്നാല്‍ ശ്രീജിത്തോ കുടുംബമോ അത് വിശ്വസിക്കാന്‍ തയ്യാറല്ല. കാരണം മരണപ്പെട്ട ശ്രീജിവിന്റെ ശരീരത്തിലെമ്പാടും മര്‍ദനത്തിന്റെ പാടുകളുണ്ടായിരുന്നു.

ശ്രീവിജിനെ പോലീസ് മര്‍ദിച്ച് കൊലപ്പെടുത്തിയതാണ് എന്ന് കാണിച്ച് ശ്രീജിത്ത് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ അന്നത്തെ പാറശ്ശാല സിഐ ഗോപകുമാരും എസ്‌ഐ ഫിലിപ്പോസും ചേര്‍ന്ന് ശ്രീജിവിനെ മര്‍ദിച്ചതായി പോലീസ് കംപ്ലെയ്ന്റ് അതോറിറ്റി കണ്ടെത്തിയിരുന്നു. അതിന് സിവില്‍ പോലീസ് ഉദ്യോഗസ്ഥരായ പ്രതാപചന്ദ്രന്റെയും വിജയദാസിന്റെയും സഹായവും കിട്ടി. മസഹര്‍ തയ്യാറാക്കിയ എസ്‌ഐ ഡി ബിജു കുമാര്‍ വ്യാജ രേഖയുണ്ടാക്കിയതായും പോലീസ് കംപ്ലെയ്ന്റ് അതോറിറ്റി കണ്ടെത്തിയിരുന്നു. ശ്രീജിവിന്റെ മരണം സിബിഐ അന്വേഷിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഉറപ്പ് നല്‍കി. എന്നാല്‍ വര്‍ഷങ്ങളിത്ര കഴിഞ്ഞിട്ടും ഒന്നും സംഭവിച്ചില്ല.

അടുത്ത കാലം വരെ ഒറ്റയാള്‍ പോരാട്ടമായി തുടര്‍ന്ന ശ്രീജിത്തിന്റെ സമരത്തിന് ഇപ്പോള്‍ വലിയ പിന്തുണ ലഭിച്ചിരിക്കുകയാണ്. സോഷ്യല്‍ മീഡിയകളില്‍ അവനു വേണ്ടി ഹാഷ്ടാഗുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. പ്രമുഖന്‍ അല്ലാത്ത ശ്രീജിത്തിനു വേണ്ടി എല്ലാവരും ഒന്നായി കൈകോര്‍ത്തിരിക്കുകയാണ്. ഈ മനുഷ്യന്‍  തെരുവില്‍ മരിച്ചു വീഴാതിരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സോഷ്യല്‍ മീഡിയയില്‍ ഹാഷ് ടാഗ് പ്രചരണം ആരംഭിച്ചിരിക്കുന്നത്.

രണ്ടു വര്‍ഷമായി തുടരുന്ന നിരാഹാരം ശ്രീജിത്തിന്റെ ആരോഗ്യത്തെ സാരമായി ബാധിച്ചിരിക്കുകയാണ്. വെള്ളം പോലും കുടിക്കാതെയുള്ള സമരം കിഡ്‌നിയുടെ പ്രവര്‍ത്തനങ്ങളെ താറുമാറാക്കി. മൂത്രത്തിന് പകരം ഇപ്പോള്‍ രക്തമാണ് പുറത്തുവരുന്നത്. തുടര്‍ച്ചയായി ഭക്ഷണം കഴിക്കാത്തത് തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെയും ബാധിച്ചിട്ടുണ്ട്. 2015 ഡിസംബര്‍ 11 മുതലാണ് ശ്രീജിത്തിന്റെ പോരാട്ടം ആരംഭിക്കുന്നത്. നീതികിട്ടാതെ  റോഡരികിൽ ആ ചെറുപ്പക്കാരന്‍ മരിച്ച് കിടന്നാല്‍ കേരളമൊന്നാകെ നാളെ ആ അനീതിക്ക് മറുപടിയ്ക്ക് നല്‍കേണ്ടി വരും.