തിരുവനന്തപുരം: കേരളരാഷ്ട്രീയത്തിലെ വിപ്ലവ നക്ഷത്രം മുൻമന്ത്രി കെ. ആര്‍ ഗൗരിയമ്മ(102) അന്തരിച്ചു. രാവിലെ ഏഴ് മണിക്ക് ആയിരുന്നു അന്ത്യം. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 102 വയസിലായിരുന്നു അന്ത്യം.വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലൂടെയും ജനസേവന രംഗത്തേക്ക് ഇറങ്ങിയ കെ. ആർഗൗരിയമ്മ ആധുനിക കേരളത്തിന്റെ ചരിത്രത്തിൽ പകരക്കാരില്ലാത്ത വ്യക്തിത്വമായിരുന്നു.
1957ലെ ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രി സഭയില്‍ അംഗമായിരുന്നു. 1952-53, 1954-56 വര്‍ഷങ്ങളില്‍ തിരുവിതാംകൂര്‍-കൊച്ചി നിയമസഭകളിലും ഒന്നു മുതല്‍ പതിനൊന്നുവരെ എല്ലാ കേരള നിയമസഭകളിലും അംഗമായിരുന്നു. (അഞ്ചാം നിയമസഭ ഒഴികെ).1957,1967,1980,1987 വര്‍ഷങ്ങളില്‍ കമ്മ്യൂണിസ്റ്റ് മന്ത്രിസഭകളിലും 2001ലെ എ.കെ. ആന്റണി, ഉമ്മന്‍ ചാണ്ടി മന്ത്രിസഭകളിലും അംഗമായിരുന്നു.
1957, 1960 കേരള നിയമസഭകളില്‍ ചേര്‍ത്തലയില്‍ നിന്നും 1965 മുതല്‍ 1977 വരെയും 1980 മുതല്‍ 2006 വരെയും അരൂരില്‍ നിന്നും നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 2011ല്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
ചേര്‍ത്തലയ്ക്ക് അടുത്തുള്ള അന്ധകാരനഴി എന്ന ഗ്രാമത്തിലാണ് ഗൗരിയമ്മയുടെ ജനനം. കളത്തിപ്പറമ്പില്‍ എ കെ.എ രാമന്റെയും പാര്‍വ്വതിയമ്മയുടെയും മകളായി 1919 ജൂലൈ 14ന് കെ.ആര്‍ ഗൗരി ജനിച്ചു. തുറവൂര്‍ തിരുമല ദേവസ്വം സ്കൂളിലും ചേര്‍ത്തല ഇംഗ്ലിഷ് സ്‌കൂളിലുമായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. എറണാകുളം മഹാരാജാസ് കോളജില്‍നിന്ന് ഇന്റര്‍മീഡിയറ്റും സെന്റ് തെരേസാസ് കോളജില്‍ നിന്നു ബിരുദപഠനവും തിരുവനന്തപുരം ലോ കോളേജില്‍നിന്നു നിയമബിരുദവും നേടി.
ജ്യേഷ്ഠസഹോദരൻ സുകുമാരന്റെ സ്വാധീനത്താൽ വിദ്യാർഥിരാഷ്ട്രീയത്തിൽ സജീവമായിരുന്നു. ഈഴവ സമുദായത്തിലെ ആദ്യത്തെ വനിതാ വക്കീലായി. 1957-ൽ ടി.വി.തോമസിനെ ഗൗരിയമ്മ വിവാഹം ചെയ്തു. 1964 കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രണ്ടായി പിളര്‍ന്നപ്പോള്‍ തോമസ് സിപിഐയിലും ഗൗരിയമ്മ സിപിഎമ്മിലും ചേര്‍ന്നു. പാര്‍ട്ടിയുടെ പിളര്‍പ്പ് ഇവരുടെ വിവാഹ ബന്ധത്തിലും പ്രതിഫലിച്ചു.
തിരുക്കൊച്ചി നിയമസഭയിലേക്ക് രണ്ട് തവണ ജനവിധി നേടിയ ഗൗരിയമ്മ 1957 ലെ കേരളത്തിലെ ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിലെ റവന്യു മന്ത്രിയായിരുന്നു. കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക മേഖലകളിൽ കോളിളക്കം സൃഷ്ടിച്ച കാര്‍ഷിക പരിഷ്കരണ നിയമം പാസാക്കിയത് കെആര്‍ ഗൗരിയമ്മയാണ്. കുടിയൊഴിപ്പിക്കൽ നിരോധന നിയമം, ഭൂപരിഷ്കരണ നിയമം, വനിതാ കമ്മീഷൻ നിയമം, അഴിമതി നിരോധന നിയമം തുടങ്ങി സ്വാതന്ത്ര്യാനന്തരമുള്ള കേരളത്തിന്‍റെ സാമൂഹിക സാമ്പത്തിക അന്തരീക്ഷത്തിന്റെ തലവര മാറ്റിയെഴുതുന്ന ഒട്ടേറെ പ്രസക്തമായ ഇടപെടലുകൾക്ക് ഗൗരിയമ്മ എന്ന പ്രഗത്ഭയായ ഭരണാധികാരി തുടക്കമിട്ടു.
ഇ.എം.എസ് മന്ത്രിസഭയില്‍ റവന്യൂ, ഭക്ഷ്യം, പൊതുവിതരണം, വാണിജ്യ നികുതി, സാമൂഹ്യ സുരക്ഷ, നിയമം എന്നീ വകുപ്പുകളുടെ ചുമതല വഹിച്ചു. ഇ.കെ. നായനാരുടെ നേതൃത്വ ത്തില്‍ ആദ്യ മന്ത്രിസഭയിലും അംഗമായിരുന്നു. പതിനൊന്നാം കേരള നിയമസഭയിലെ ഏറ്റവും പ്രായം കൂടിയ നേതാവു കൂടിയായിരുന്നു ഗൗരിയമ്മ.
ചരിത്ര പ്രസിദ്ധമായ ഭൂപരിഷ്‌കരണ നിയമം, 1958 ലെ സര്‍ക്കാര്‍ ഭൂമി പതിച്ചുകൊടുക്കല്‍ നിയമം എന്നിവ സഭയില്‍ അവതരിപ്പിച്ചതും നടപ്പിലാക്കിയതും 1957ലെ ആദ്യ മന്ത്രിസഭയില്‍ റവന്യൂ മന്ത്രി എന്ന നിലയില്‍ ഗൗരിയമ്മയായിരുന്നു. ആത്മകഥ (കെ.ആര്‍. ഗൗരിയമ്മ) എന്നപേരില്‍ പ്രസിദ്ധീകരിച്ച ആത്മകഥയ്ക്ക് 2011-ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു.