കെ- റെയിൽ പദ്ധതിയുമായി മുന്നോട്ട് തന്നെ

0

കാസർഗോഡ് നിന്ന് ബഹുദൂരമുള്ള തിരുവനന്തപുരത്തേക് അതിവേഗം സഞ്ചരിക്കാനുള്ള രജത പാതയായ കെ.റെയിൽ പദ്ധതിയുമായി മുന്നോട്ട് പോകാൻ തന്നെയാണ് സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുള്ളത്. കേരളത്തിലെ നിലവിലെ സാമ്പത്തിക ബുദ്ധിമുട്ടുകളോ ഈ പദ്ധതിയുയർത്തുന്ന പാരിസ്ഥിതിക പ്രശ്നങ്ങളോ പരിഗണിക്കേണ്ട വിഷയമല്ലെന്ന് തന്നെയാണ് സർക്കാർ തീരുമാനം.

കേരളത്തിലെ പതിനൊന്ന് ജില്ലകളിലുടെ കടന്നുപോകുന്ന 530 കി.മി. ദൈർഘ്യമുള്ള ഈ പാതയുടെ സാക്ഷാത്കാരത്തിന് തടസ്സങ്ങളെയെല്ലാം അവഗണിച്ചു കൊണ്ടും പ്രതിപക്ഷ കക്ഷികളുടെ വിയോജിപ്പുകളെ പൂർണ്ണമായും തള്ളിക്കൊണ്ടുമാണ് അതിരടയാള കല്ലിടൽ ത്വരിതഗതിയിൽ നടന്നു കൊണ്ടിരിക്കുന്നത്.

കാസർഗോഡ്, കണ്ണൂർ ജില്ലകളിലാണ് ഈ അതിരടയാള കല്ലിടൽ ഇപ്പോൾ ആരംഭിച്ചിട്ടുള്ളത്. മുന്നോട്ട് വെച്ച കാൽ പിന്നോട്ടെടുക്കാൻ കഴിയില്ലെന്ന് അസന്നിഗ്ധമായ ഭാഷയിൽ ആവർത്തിച്ചുറപ്പിക്കുന്നതാണ് പിണറായി വിജയനിൽ നിന്നും കേരളം കേട്ടുകൊണ്ടിരിക്കുന്നത്. ഈ വികസന പദ്ധതി യാഥാർത്ഥ്യമാക്കാനുള്ള ശ്രമത്തിൽ കിടപ്പാടം നഷ്ടപ്പെടാൻ പോകുന്നവരുടെ കാര്യത്തിൽ എന്ത് നടപടിയും നഷ്ടപരിഹാരവുമാണ് ഉണ്ടാകാൻ പോകുന്നതെന്ന് കാത്തിരുന്നു തന്നെ കാണേണ്ടി വരും.

വികസനത്തിന് കേരളവും മലയാളികളും എതിരല്ല. എന്നാൽ കിടപ്പാടം നഷ്ടപ്പെടാൻ പോകുന്നവരുടെ ഉൽക്കണ്ഠകളും ഈ പദ്ധതി സൃഷ്ടിക്കുന്ന പരിസ്ഥിതി പ്രശ്‌നങ്ങളും കാണാതിരുന്നു കൂടാ.. ഒരു വികസനവും ജീവിക്കാനുള്ള അവകാശം നിഷേധിക്കുന്ന രീതിയിലായിരിക്കരുതെന്ന് ഭരണാധികാരികൾ ഓർക്കേണ്ടതുണ്ട്.