കെ.വി വിജയദാസ് എംഎല്‍എ അന്തരിച്ചു

0

തൃശൂർ ∙ കോങ്ങാട് എംഎൽഎയും സിപിഎം നേതാവുമായ കെ.വി.വിജയദാസ് (61) അന്തരിച്ചു. കോവിഡ് മുക്തനായ വിജയദാസ് തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. വൈകീട്ട് 7.45 ഓടെയാണ് മരിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍, സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍, മന്ത്രിമാര്‍ തുടങ്ങിയവര്‍ അദ്ദേഹത്തിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി.

കർഷകസംഘം പാലക്കാട് ജില്ലാ പ്രസിഡന്റാണ്. സിപിഎം ജില്ലാ കമ്മിറ്റി അംഗം കൂടിയായ അദ്ദേഹം 1995 ൽ പാലക്കാട് ജില്ലാ പഞ്ചായത്ത് നിലവിൽ വന്നപ്പോൾ ആദ്യ അധ്യക്ഷനായി. 2011 മുതല്‍ കോങ്ങാട് മണ്ഡലത്തിലെ എംഎല്‍എയായിരുന്നു. 1959 മേയ് 25 ന് കെ.വേലായുധന്റെയും എ.തത്തയുടെയും മകനായാണ് ജനനം.

ലോകത്തിന്‌ മാതൃകയായ മീൻവല്ലം ജലവൈദ്യുത പദ്ധതി വിജയദാസ്‌ പ്രസിഡന്റായിരിക്കെയാണ്‌ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടപ്പാക്കിയത്‌. ഏഷ്യയിൽതന്നെ ആദ്യമായി ഒരു ജില്ലാ പഞ്ചായത്ത്‌ ഏറ്റെടുത്ത്‌ നടപ്പാക്കുന്ന ജലവൈദ്യുത പദ്ധതിയും മീൻവല്ലമാണ്‌. 1975 ൽ കെഎസ്‌വൈഎഫിലൂടെ പൊതുപ്രവർത്തനരംഗത്ത്‌ വന്നു. ദീർഘകാലം സിപിഎം എലപ്പുള്ളി ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി. തുടർന്ന്‌ പുതുശേരി ഏരിയ സെക്രട്ടറിയായും ജില്ലാ കമ്മിറ്റിയിലും പ്രവർത്തിച്ചു.

1987 ൽ എലപ്പുള്ളി ഗ്രാമ പഞ്ചായത്തംഗമായി തെരഞ്ഞെടുപ്പട്ടു. തേനാരി ക്ഷീരോൽപാദക സഹകരണസംഘം സ്ഥാപക പ്രസിഡന്റ്‌, സംസ്ഥാന സഹകരണ ബാങ്ക്‌ ഡയറക്ടർ, പ്രൈമറി കോപ്പറേറ്റീവ്‌ അസോസിയേഷൻ ജില്ലാ പ്രസിഡന്റ്‌, എലപ്പുള്ളി സർവീസ്‌ സഹകരണ ബാങ്ക്‌ പ്രസിഡന്റ്‌ എന്നീ ചുമതലകളും വഹിച്ചിരുന്നു. മിച്ചഭൂമി സമരത്തിൽ പങ്കെടുത്ത് ജയിൽവാസം അനുഭവിച്ചു‌. മികച്ച സഹകാരികൂടിയാണ്‌. കഴിഞ്ഞ ജില്ലാ സമ്മേളനത്തിനു ശേഷമാണ് സിപിഎം ജില്ലാ സെക്രട്ടറിയറ്റിൽ എത്തിയത്‌. മികച്ച കർഷകൻ കൂടിയാണ് അദ്ദേഹം. വി.പ്രേംകുമാരിയാണ് ഭാര്യ. മക്കൾ: ജയദീപ്‌, സന്ദീപ്‌.