രജനികാന്തിന്റെ ‘കാല’യ്‌ക്കെതിരെ ഭീഷണിയുമായി തമിഴ്‌റോക്കേഴ്‌സ്

1

രജനികാന്ത് ചിത്രം കാലയ്ക്ക് ഭീഷണിയുമായി തമിഴ് റോക്കേഴ്സ്. തിയേറ്ററുകളില്‍ സിനിമ  റിലീസ് ചെയ്യുന്ന അന്നു തന്നെ വെബ്‌സൈറ്റിലും എത്തിക്കുമെന്നാണ് ഭീഷണി.  തമിഴ് റോക്കേഴ്സിന്റെ ഭീഷണിയില്‍ കാലാ നിര്‍മാതാക്കള്‍ എന്ത് നടപടി കൈക്കൊള്ളും എന്ന് കാത്തിരുന്ന് തന്നെ കാണണം.

കാവേരി വിഷയത്തില്‍ രജനീകാന്ത് കര്‍ണാടകത്തിനെതിരെ പ്രസ്താവന നടത്തിയിരുന്നു. കര്‍ണാടക അനുകൂല സംഘടനകള്‍ ഇതിനെതിരെ രംഗത്ത് വന്നിരുന്നു. ഇവര്‍ സിനിമയെ തകര്‍ക്കാന്‍ ഗൂഢാലോചന നടത്തുന്നു എന്നും അഭ്യൂഹങ്ങളുണ്ട്. ജൂണ്‍ 7ന് കേരളത്തിലെ മുന്നൂറിലധികം കേന്ദ്രങ്ങളില്‍ കാലാ റിലീസ് ചെയ്യുന്നുണ്ട്.

രജനിയുടെ രാഷ്ട്രീയ പ്രവേശനത്തിന്റെ പശ്ചാത്തലത്തില്‍ വിലയിരുത്തുമ്പോള്‍ ഏറെ പ്രാധാന്യമുള്ള ചിത്രമാണ് കാല. സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കില്‍ കറുപ്പണിഞ്ഞ് കരികാലന്‍ അവതാരമായിട്ടാണ് പാ രഞ്ജിത് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലൂടെ രജനി പ്രേക്ഷകര്‍ക്കുമുന്നിലേക്കെത്തുന്നത്. കബാലി, മദ്രാസ് ,ആട്ടക്കത്തി എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ നെഞ്ചില്‍ ഇടം നേടിയ പാ രഞ്ജിത്താണ് കാല സംവിധാനം ചെയ്യുന്നത്.

 ട്രെയിലര്‍ വന്‍ പ്രചാരം നേടിയതിന് പിന്നാലെയാണ് സിനിമയുടെ വ്യാജന്‍ ഇറക്കുമെന്ന തമിഴ് റോക്കേഴ്സിന്റെ ഭീഷണി. റിലീസ് ദിവസം ആദ്യ ഷോക്ക് മുമ്പെ വ്യാജന്‍ വെബ്സൈറ്റില്‍ എത്തിക്കുമെന്ന് വെബ്സൈറ്റിന്റെ അഡ്മിനിസ്ട്രേറ്റേഴ്സ് സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചു.