കല്ലമ്പലത്ത് ദുരൂഹ സാഹചര്യത്തില്‍ മരിച്ച ആതിരയുടെ ഭര്‍തൃമാതാവിനെയും മരിച്ച നിലയില്‍ കണ്ടെത്തി

0

തിരുവനന്തപുരം: തിരുവനന്തപുരം: കല്ലമ്പലത്ത് ദുരൂഹസാഹചര്യത്തില്‍ മരിച്ച നവവധു ആതിരയുടെ ഭര്‍തൃമാതാവ് മരിച്ച നിലയില്‍. സുനിതാ ഭവനില്‍ ശ്യാമളയാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. വീടിനോട് ചേര്‍ന്നുള്ള മരത്തില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു ശ്യാമളയെ കണ്ടെത്തിയത്.

മരുമകള്‍ ആതിരയെ ഇക്കഴിഞ്ഞ ജനുവരി 15 ന് കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു. കൈകളുടെ ഞരമ്പും കഴുത്തും മുറിച്ച് രക്തംവാര്‍ന്ന നിലയിലാണ് ആതിരയുടെ മൃതദേഹം കണ്ടത്. ഭര്‍ത്താവ് ശരത്ത് അച്ഛനൊപ്പം ആശുപത്രിയില്‍ പോയിരിക്കുകയായിരുന്നു.

11 മണിയോടെ വീട്ടിലെത്തിയ ആതിരയുടെ അമ്മ വീടിന്റെ കതക് തുറന്നുകിടക്കുന്നതു കണ്ട് അന്വേഷിക്കുകയും ശരത്തിനെ വിവരമറിയിക്കുകയും ചെയ്തു. ശരത്ത് വീട്ടിലെത്തി അകത്തുനിന്ന് കുറ്റിയിട്ടിരുന്ന കുളിമുറിയുടെ വാതില്‍ തുറന്ന് നോക്കുമ്പോഴാണ് മൃതദേഹം കണ്ടത്.

ആതിരയുടെ മരണത്തിൽ അന്വേഷണം നടക്കുന്നതിനിടെയാണ് ആതിരയുടെ ഭര്‍തൃമാതാവിനെയും മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നത്. നിലവില്‍ കല്ലമ്പലം പൊലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്.